kozhikode local

ലോറി സമരം: വിപണി പ്രതിസന്ധിയിലേക്ക്‌

കോഴിക്കോട്: രാജ്യ വ്യാപകമായി നടക്കുന്ന ലോറി സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ വിപണി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.  പച്ചക്കറി വില കുതിച്ചുയര്‍ന്നത് ജനങ്ങള്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. എന്നാല്‍ വലിയങ്ങാടിയിലെ കടകളില്‍ അരിയുടെ സ്റ്റോക്ക് ഉള്ളതിനാല്‍ വിലയില്‍ മാറ്റം വന്നിട്ടില്ല. സമരം തുടരുന്നതോടെ പച്ചക്കറിയുടെ വരവ് തീരെ കുറഞ്ഞരിക്കുന്നതായി പാളയത്തെ പച്ചക്കറി മൊത്തവിതരണ വ്യാപാരികള്‍ പറഞ്ഞു.
ചെറിയ വാഹനങ്ങളില്‍ ലോഡ് എത്തുന്നുണ്ടെങ്കിലും ഇത് പര്യാപ്തമാകുന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ പച്ചക്കറി വിലയില്‍ വലിയ മാറ്റമാണുണ്ടായത്. ഉള്ളിക്കും തക്കാളിക്കുമെല്ലാം രണ്ടു മുതല്‍ നാല് രൂപ വരെ വര്‍ധിച്ചപ്പോള്‍ ഉരുളക്കിഴങ്ങിന് ആറ് രൂപയുടെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ ദിവസം വരെ 18 രൂപയ്ക്ക് വിറ്റിരുന്ന സവാള ഇന്നലെ മുതല്‍ 22 രൂപയ്ക്കാണ് വില്‍ക്കുന്നത്. 18 രൂപയായിരുന്ന തക്കാളി 22 രൂപയായി. 22 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 28 രൂപയായിട്ടുണ്ട്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി കെഎസ്ആര്‍ടിസി ബസില്‍ എത്തിക്കാന്‍ കഴിയുമോ എന്ന കാര്യം എംഡി ടോമിന്‍ ജെ തച്ചങ്കരിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി എ  കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞിരുന്നു. സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍പച്ചക്കറി വില ഇരട്ടിയാകാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. അടുത്ത ആഴ്ച്ചയോടുകൂടി അരിയുടെ വിലയ്ക്കും മാറ്റം വരാനാണ് സാധ്യതയെന്ന് വലിയങ്ങാടിയിലെ വ്യാപാരികളും പറഞ്ഞു.
Next Story

RELATED STORIES

Share it