ലോറി സമരം നാലു നാള്‍ പിന്നിട്ടു

ന്യൂഡല്‍ഹി: ലോറി സമരം നാലു ദിവസം പിന്നിട്ടതോടെ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കുള്ള ചരക്കു നീക്കം പ്രതിസന്ധിയിലായി. നിലവിലെ ടോ ള്‍ സമ്പ്രദായം അവസാനിപ്പിച്ച് പകരം പ്രതിവര്‍ഷം ഒറ്റത്തവണ പണം ഒടുക്കുന്ന സംവിധാനം കൊണ്ടുവരണമെന്നതുള്‍പ്പെടേയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സി (എ.ഐ.എം.ടി.സി)ന്റെ നേതൃത്വത്തില്‍ ലോറി ഉടമകള്‍ രാജ്യവ്യാപകമായി സമരം തുടങ്ങിയത്. ടോള്‍ പ്രശ്‌നം അവസാനിക്കുന്നതുവരെ തങ്ങള്‍ സമരം ചെയ്യുമെന്ന് എ.ഐ.എം.ടി.സി. അധ്യക്ഷന്‍ ഭീം വാധ്വ പറഞ്ഞു.

തങ്ങള്‍ ടോളിനെതിരല്ലെന്നും അത് പ്രതിവര്‍ഷം അടയ്ക്കാനുള്ള സംവിധാനം വേണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവച്ച ഇലക്ട്രോണിക് ടോ ള്‍ സംവിധാനം ഈ പ്രശ്‌നത്തിനു പ്രായോഗിക പരിഹാരമല്ലെന്നും അദ്ദേഹം അറിയിച്ചു.വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സമരക്കാര്‍ ഇന്ന് കേന്ദ്ര ഉപരിതല-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തും. നേരത്തെ സമരക്കാരും മന്ത്രിയും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

സര്‍ക്കാരിന് നിലവിലെ ടോ ള്‍ സമ്പ്രദായം ഒഴിവാക്കാനാവില്ലെന്ന് ഗഡ്കരി പറഞ്ഞു. രാജ്യത്തെ 325ഓളം ടോള്‍ ബൂത്തുകളില്‍ പകുതിയും സ്വകാര്യ വ്യക്തികളുടെ പക്കലാണ്. നിലവിലെ ടോള്‍ സമ്പ്രദായം മാറ്റിയാല്‍ ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാല്‍ മൂന്നു ലക്ഷം കോടിയോളം രൂപ ഈയിനത്തില്‍ ചെലവഴിക്കേണ്ടിവരുമെന്നും ഗഡ്്കരി പറഞ്ഞു.ഡിസംബര്‍ മുതല്‍ ഇ-ടോളിങ് സമ്പ്രാദായം നടപ്പാക്കാമെന്നും ലോറി ഉടമകള്‍ സമരം അവസാനിപ്പിക്കണമെന്നും ഗഡ്കരി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രായോഗിക പരിഹാരമല്ലെന്നാണ് സമരക്കാര്‍ പ്രതികരിച്ചത്.ഹൈവേ, റോഡ് ഗതാഗത സെക്രട്ടറി വിജയ് ഛിബെറുമായി എ.ഐ.എം. ടി.സി. പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലും പരിഹാരം കണ്ടെത്താനായിരുന്നില്ല.

പാല്‍, പച്ചക്കറികള്‍, മരുന്നുകള്‍ തുടങ്ങിയ അവശ്യ വസ്തുക്കളെ സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു ദിവസം കൊണ്ട് ലോറി ഉടമകള്‍ക്ക് 6000 കോടിയുടെ നഷ്ടംവന്നതായി എ.ഐ.എം.ടി.സി. അറിയിച്ചു. 40,000 കോടിയോളം രൂപയുടെ നഷ്ടമാണ് സമരം കൊണ്ട് സര്‍ക്കാരിനു വന്നതെന്നും സംഘടന അറിയിച്ചു. 87 ലക്ഷം ലോറികള്‍ സംഘടനയ്ക്കു കീഴിലാണെന്ന് എ.ഐ.എം.ടി.സി. അറിയിച്ചു. തമിഴ്‌നാട്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളെ സമരം സാരമായി ബാധിച്ചു. തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായ നഗരമായ കോയമ്പത്തൂരിലും സമീപ മേഖലയിലുമായി 500 കോടിയുടെ വ്യവസായത്തെ സമരം ബാധിച്ചതായാണ് വിവരം. സംസ്ഥാന സര്‍ക്കാരിന് ഇതുവഴി അഞ്ചു കോടിയുടെ നഷ്ടം വന്നതായും ജില്ലയിലെ ലോറി ഉടമകള്‍ അറിയിച്ചു.സമരത്തെതുടര്‍ന്ന് തമിഴ്‌നാട്ടിലെ അവശ്യ വസ്തുക്കളുടെ വില 40 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സി.പി. ഐ. ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it