ലോറി ബൈക്കുകളിലിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു

വളാഞ്ചേരി: പട്ടാമ്പി റോഡില്‍ കോട്ടപ്പുറം ജുമാമസ്ജിദിനു സമീപം ബൈക്കുകള്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കെ ചരക്കുലോറി കയറി മൂന്നു യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കോട്ടപ്പുറം ചുഴലിപ്പുറത്ത് മുസ്തഫയുടെ മകന്‍ മുഹമ്മദ് നംഷാദ് (23), വളാഞ്ചേരി കൂഴക്കുന്ന് കരിയങ്ങാട്ടുകാവില്‍ അബ്ദുല്‍ നാസറിന്റെ മകന്‍ റംഷീക് (23), വളാഞ്ചേരി മുളക്കല്‍ അബുവിന്റെ മകന്‍ ഫാസില്‍ (24) എന്നിവരാണു മരിച്ചത്.
സാരമായി പരിക്കേറ്റ വളാഞ്ചേരി വൈക്കത്തൂര്‍ കാരപറമ്പില്‍ നിഹാനെ (17) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 4.30ഓടെയാണു സംഭവം. തിരുവേഗപ്പുറയില്‍ ഫുട്‌ബോള്‍ മല്‍സരം കണ്ട് മടങ്ങിയതായിരുന്നു യുവാക്കള്‍. രണ്ടു ബൈക്കുകളിലായി വന്നവര്‍ റംഷീകിന്റെ വീടിനടുത്ത് നംഷാദിനെ ഇറക്കി സംസാരിച്ചുകൊണ്ടിരിക്കെ പാലക്കാട്ടുനിന്ന് സിമന്റ് കയറ്റി കോഴിക്കോട്ടേക്ക് വരുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. വൈദ്യുതിത്തൂണും സ്വകാര്യവ്യക്തിയുടെ മതിലും തകര്‍ത്താണു ലോറി നിന്നത്.
അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ലോറിക്കടിയില്‍നിന്നു പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ(45)യെ വൈദ്യുതിത്തൂണ്‍ തട്ടി പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടൗണിലെ പലചരക്കുകടയിലെ ജീവനക്കാരനാണു മരിച്ച ഫാസില്‍. മാതാവ്: സുബൈദ. സഹോദരങ്ങള്‍: ഫൈസല്‍, നൗഫല്‍. പിതാവിന്റെ പലചരക്കുകടയില്‍ ജോലിനോക്കുകയാണ് നംഷാദ്. മാതാവ്: റംല. സഹോദരങ്ങള്‍: ആസിഫ്, മജീദ്, അസ്മാബി. വളാഞ്ചേരി ബസ്സ്റ്റാന്റിലുള്ള കടയിലെ ജീവനക്കാരനാണ് റംഷീക്. മാതാവ്: മറിയം. സഹോദരങ്ങള്‍: നാസിറ, നാഫിയ, മുര്‍ഷിദ്.
വളാഞ്ചേരി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നംഷാദിന്റെയും റംഷീകിന്റെയും മൃതദേഹങ്ങള്‍ കോട്ടപ്പുറം ജുമാമസ്ജിദിലും ഫാസിലിന്റേത് കിഴക്കേക്കര ജുമാമസ്ജിദിലും ഖബറടക്കി. അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരേ നരഹത്യക്ക് കേസെടുത്തതായി എസ്‌ഐ പി ടി ഷമീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it