kozhikode local

ലോറി പണിമുടക്ക് തുടങ്ങി



കോഴിക്കോട്: ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത അഖിലേന്ത്യാ ലോറി പണിമുടക്ക് ഇന്നലെ അര്‍ധരാത്രിയോടെ ആരംഭിച്ചു. രണ്ടു ദിവസം നീളുന്നതാണ് പണിമുടക്ക്. കേരളത്തിലെ ലോറി ഉടമകളുടെ സംഘടനയായ ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്‍ സൂചനാപണിമുടക്കില്‍ പങ്കെടുത്തതോടെ സംസ്ഥാനത്തെങ്ങും ലോറി പണിമുടക്ക് ശക്തമായി. കേരളത്തില്‍ ഒരു ലക്ഷത്തി പതിനായിരത്തോളം ലോറികള്‍ മാത്രം സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് മിനിലോറികളും മറ്റും. കോഴിക്കോട് ജില്ലയിലാണ് ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷനില്‍ ഏറ്റവും കൂടുതല്‍ അംഗത്വമുള്ള ലോറികളുള്ളത്. ഇത് ഏകദേശം 40,000 വരും. ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മുന്‍ ദിവസങ്ങളില്‍ ചരക്കുമായി പുറപ്പെട്ട വാഹനങ്ങള്‍ രാത്രി 12 ഓടെ എത്തിയ സ്ഥലങ്ങളില്‍ ഓട്ടം നിര്‍ത്തി. ഡീസലിന്റെ അന്യായവിലവര്‍ധന പിന്‍വലിക്കുക, ജിഎസ്ടി-അപാകതകള്‍പരിഹരിക്കുക, പഴയ വാഹനങ്ങള്‍ വില്‍പന നടത്തുന്നതിനും കൈമാറുന്നതിനും 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, നിര്‍മാണ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ചരക്കുവാഹനങ്ങള്‍ ഓട്ടം നിര്‍ത്തി പണിമുടക്കുന്നത്. 10ന് അര്‍ധരാത്രി വരെ പണിമുടക്ക് തുടരും. ഫെഡറേഷന്‍ കേരള സ്റ്റേറ്റ് പ്രസിഡന്റ് കെ കെ ഹംസ, ജനറല്‍ സെക്രട്ടറി കെ ബാലചന്ദ്രന്‍ എന്നിവരാണ് സംസ്ഥാനത്ത് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രണ്ടു നാള്‍ തുടര്‍ച്ചയായി ചരക്ക് ഇറക്കലും കയറ്റലും തടസ്സപ്പെടുന്നതോടെ വ്യാപാര മേഖലയില്‍ വലിയ മാന്ദ്യം അനുഭവപ്പെട്ടു. പച്ചക്കറി പോലുള്ള അവശ്യസാധനങ്ങള്‍ വിപണിയില്‍ എത്തുന്നത് കുറയും.
Next Story

RELATED STORIES

Share it