Idukki local

ലോറി തട്ടി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു; വന്‍ ദുരന്തം വഴിമാറി

അടിമാലി: ടൗണില്‍ പാഴ്‌സല്‍ ലോറി തട്ടിയതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണെങ്കിലും ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ അടിമാലി മന്നാംകാല ജങ്ഷനില്‍ മാര്‍ക്കറ്റിനു മുന്‍പിലാണ് അപകടം.
സമീപമുള്ള കെഎര്‍എസ് പാര്‍സല്‍ സ്ഥാപനത്തില്‍ ലോഡ് ഇറക്കാനാതെത്തിയ ബോഡി നിര്‍മിച്ച ലോറിയാണ് പോസ്റ്റില്‍ ഉരസിയത്. പൊടുന്നനെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിനു മുകളില്‍ പതിച്ചു. സമീപത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. യാത്രക്കാരും റോഡിലുണ്ടായിരുന്നു. വൈദ്യുതി കമ്പികള്‍ കൂട്ടിമുടിയതോടെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു.
വാഹനത്തിനു മുകളില്‍ പോസ്റ്റ് ഒടിഞ്ഞു വീണതു മൂലമാണ് വഴിയാത്രക്കാര്‍ രക്ഷപ്പെട്ടത്. 100 മീറ്റര്‍ ദൂരത്തില്‍ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ഉടനെ ട്രാന്‍സ്‌ഫോമറിലെ ഫീസ് ഊരി മാറ്റിയതിനാല്‍ ദുരന്തം ഒഴിവായി.
അപകടം സംഭവിച്ചതോടെ അടിമാലി ടൗണിലും പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. ഉച്ചകഴിഞ്ഞതോടെ ടൗണിന്റെ ഒരു മേഖലയില്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ വൈദ്യുതി പുനര്‍സ്ഥാപിച്ചു. വൈദ്യുതി പോസ്റ്റ് മാറി ലൈനുകള്‍ പുനര്‍സ്ഥാപിക്കുന്ന ജോലികള്‍ രാത്രി വൈകിയും നടക്കുന്നതിനാല്‍ അപകടം നടന്ന മേഖലകളില്‍ വൈദ്യുതി പുനര്‍സ്ഥാപിക്കാനായില്ല.
Next Story

RELATED STORIES

Share it