ലോറിയിടിച്ച് ബൈക്ക് യാത്രികര്‍ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്നു പോലിസ്

പട്ടണക്കാട്(ആലപ്പുഴ): ലോറിയിടിച്ച് ബൈക്ക് യാത്രികരായ പെയിന്റിങ് തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പട്ടണക്കാട് പഞ്ചായത്ത് അന്ധകാരനഴി സ്വദേശികളായ കാട്ടുങ്കല്‍തൈയില്‍ വീട്ടില്‍ യോഹന്നാന്റെ മകന്‍ ഷിജിന്‍ എന്നു വിളിക്കുന്ന ജോണ്‍സണ്‍(36), കളത്തില്‍ വീട്ടില്‍ സൈറസിന്റെ മകന്‍ ജസ്റ്റിന്‍ (സുബിന്‍-32) എന്നിവരാണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ തീരദേശറോഡില്‍ ഒറ്റമശ്ശേരി പള്ളിക്കു സമീപമായിരുന്നു സംഭവം. പ്രദേശത്തെ ക്വട്ടേഷന്‍ ഗുണ്ടാസംഘാംഗങ്ങളായ പോള്‍സണ്‍ എന്നു വിളിക്കുന്ന പോള്‍, ഇയാളുടെ സഹോദരങ്ങളായ ടോജിഷ്, ടാലിഷ്, ലോറി ഡ്രൈവര്‍ ചേര്‍ത്തല നഗരസഭ 10ാം വാര്‍ഡില്‍ ഇല്ലത്തുവെളി വീട്ടില്‍ തുമ്പി ഷിബു എന്നു വിളിക്കുന്ന ഷിബു എന്നിവര്‍ക്കെതിരേ പോലിസ് കൊലപാതകത്തിന് കേസെടുത്തു. പിടിയിലായ ലോറി ഡ്രൈവര്‍ തുമ്പി ഷിബു കുറ്റം സമ്മതിച്ചതായും പോലിസ് പറഞ്ഞു. കണിച്ചുകുളങ്ങരയില്‍നിന്ന് 11 കിലോമീറ്റര്‍ അകലെ ഒറ്റമശ്ശേരിയിലാണു സംഭവം നടന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. ഒരാഴ്ചയായി ക്വട്ടേഷന്‍സംഘം ജോണ്‍സണെ വകവരുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുകയായിരുന്നു. ഇതിനായി സംഘം ടിപ്പര്‍ലോറിയുമായി ജോണ്‍സണെ പിന്തുടര്‍ന്നിരുന്നു.
സംഭവദിവസം രാവിലെ മുതല്‍ ലോറിയുമായി ക്വട്ടേഷന്‍ സംഘം തൈക്കല്‍ ചന്തക്കടവിന് സമീപം കാത്തുനിന്നു. ജോണ്‍സണ്‍ ജോലികഴിഞ്ഞെത്തിയപ്പോള്‍ പിന്തുടര്‍ന്ന് ഒറ്റമശ്ശേരി പള്ളിക്കു സമീപം വച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ജോണ്‍സന്റെ തലയിലൂടെ ലോറി കയറിയിറങ്ങി തദ്ക്ഷണം മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബിന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനിടെയാണു മരിച്ചത്. ഇടിച്ച ലോറി നിര്‍ത്താതെ പോയെങ്കിലും പോലിസും നാട്ടുകാരും ചേര്‍ന്ന് എട്ടു കിലോമീറ്ററോളം പിന്തുടര്‍ന്നു പിടികൂടി.
അപകടമരണമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ലോറിയില്‍ പോള്‍സണും ഉണ്ടായിരുന്നെന്ന് അറിഞ്ഞതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പോള്‍സണ്‍ കൊലപാതകമടക്കം എട്ടു കേസുകളില്‍ പ്രതിയാണ്.
Next Story

RELATED STORIES

Share it