ലോറിക്ക് പിന്നില്‍ കാറിടിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

കരുനാഗപ്പള്ളി: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ ആലുംമൂട്ടില്‍ ശ്രീധരന്റെ മകന്‍ ബാബു (48), മക്കളായ അഭിജിത്ത് ബാബു (20), അമല്‍ജിത്ത് ബാബു (15) എന്നിവരാണു മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ (42) ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ ദേശീയപാതയില്‍ തോട്ടപ്പള്ളി കൊട്ടാരവളവ് കല്‍പകവാടിക്ക് സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ഹരിപ്പാട്ടേയ്ക്ക് ടാറ് കയറ്റിവന്ന ലോറി കൊട്ടാരവളവിനു സമീപത്തു നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ഇന്നോവ കാര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്ന ബാബു സംഭവസ്ഥലത്ത് വച്ചും മക്കള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ലിസിയെ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരികെ ചെറിയഴീക്കലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു ബാബുവും കുടുംബവും. ഹരിപ്പാട് പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
മരണമടഞ്ഞ ബാബു മല്‍സ്യതൊഴിലാളിയാണ്. മൂത്ത മകന്‍ അഭിജിത്ത് ഫോട്ടോഗ്രാഫറും ഇളയ മകന്‍ അമല്‍ജിത്ത് കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it