ernakulam local

ലോറികളുടെ പ്രാദേശിക ചരക്ക് നീക്കത്തിനെതിരേ നടപടി

കാക്കനാട്: നാഷ്ണല്‍ പെര്‍മിറ്റുള്ള അന്യസംസ്ഥാന ലോറികള്‍ ജില്ലയിലെ ഡിപ്പോകളില്‍ നിന്നും ചരക്കുകള്‍ നീക്കം ചെയ്യുന്നത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി പിഴ അടപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. നാഷ്ണല്‍ പെര്‍മിറ്റ് ലോറികള്‍ പ്രാദേശിക തലത്തില്‍ ചരക്കുകള്‍ നീക്കം ചെയ്യുന്നതു മൂലം ഇവിടത്തെ ട്രക്കുകള്‍ക്ക് പണിയില്ലെന്ന പരാതി ശക്തമായതാണ് ഇത്തരം വാഹനങ്ങള്‍ പിടികൂടാന്‍ രംഗത്തിറങ്ങിയതെന്നും പരിശോധന സംഘം പറഞ്ഞു. മോട്ടോര്‍ വാഹന നിയമ ലംഘനമാണ് നാഷ്ണല്‍ പെര്‍മിറ്റ് ലോറികള്‍ പ്രാദേശിക തലത്തില്‍ ചരക്കുനീക്കം നടത്തുന്നത്.മധ്യപ്രദേശ്, ഡല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ നിന്നും ഗാന്ധിനഗറിലുള്ള ഡിഫന്‍സ് ഡിപ്പോയിലേക്ക് സാധാരണ വില പിടിപ്പുള്ള മദ്യം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്താറുണ്ട്. അവിടെ നിന്നും കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ നേവി ആര്‍മി ക്യാംപുകളിലെ കാന്റീന്‍ സ്‌റ്റോറുകളിലേക്ക് ഇവ കൊണ്ടു പോവുന്നതും അതേ നാഷ്ണല്‍ പെര്‍മിറ്റ് ലോറി കളില്‍ തന്നെയാണ്. ഇതു സംബന്ധിച്ച് ആര്‍ടിഒക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരുന്ന് പിടികൂടിയത്. ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാരാണ് അവരുടെ ലാഭത്തിനായി പ്രാദേശിക തലത്തില്‍ ചരക്കുകള്‍ നീക്കം നടത്തുന്നതിന് നാഷ്ണല്‍ പെര്‍മിറ്റ് ലോറികള്‍ ഉപയോഗിക്കുന്നത്. വാഹന പരിശോധനയ്ക്കായി ഉദ്യോഗസ്ഥ സംഘം രംഗത്തുണ്ടെന്ന് തിരിച്ചറിഞ്ഞ ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാരന്‍ ഡിപ്പോയില്‍ നിന്നും ലോറികള്‍ പുറത്തിറക്കാതെ കാത്തുനിന്നു. വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഒടുവില്‍ കാന്റീന്‍ ചാര്‍ജുള്ള ഓഫിസറെ സമീപിച്ച് കരാറുകാരനെ വിളിച്ചു വരുത്തി സര്‍ക്കാരിലേക്ക് അടക്കേണ്ട നികുതിയും പിഴയും അടപ്പിക്കുകയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാര്‍ ഇത്തരത്തില്‍ നടത്തുന്ന ചരക്കുനീക്കങ്ങള്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയുന്നില്ലെന്നും പരിശോധന സംഘം പറഞ്ഞു. സംസ്ഥാനത്തിനുള്ളില്‍ ചരക്കുനീക്കം നടത്തുന്നതിന് നാഷ്ണല്‍ പെര്‍മിറ്റ് ലോറികള്‍ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞകൂലി കൊടുത്താല്‍ മതി. തന്നെയുമല്ല ഡിപ്പോകളില്‍ ചരക്കുകള്‍ ഇറക്കുന്ന കൂലിയും തിരിച്ചു കയറ്റുന്ന കൂലിയും അധികമായി വരില്ല. കയറ്റിറക്ക് തൊഴിലാളികള്‍ക്ക് അവര്‍ ചെയ്യാത്ത ജോലിക്ക് തുകയും ലഭിക്കും.  ട്രാന്‍സ്‌പോര്‍ട്ടിങ് കോണ്‍ട്രാക്ടറും കയറ്റിറക്ക് തൊഴിലാളികളും തമ്മിലുള്ള രഹസ്യ ഇടപാടാണ് ജോലി ചെയ്യാതെ ലഭിക്കുന്ന കൂലി.  അന്യസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുകളുമായി ജില്ലയില്‍ എത്തുന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറികള്‍ ഇവിടെ ചരക്കുനീക്കം നടത്തുന്നതിനെതിരേ ശക്തമായ നടിയെടുക്കുമെന്നും ആര്‍ടിഒ പറഞ്ഞു.
Next Story

RELATED STORIES

Share it