ernakulam local

ലോറികളില്‍നിന്ന് റോഡില്‍ സള്‍ഫര്‍ വീഴുന്നത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു

ഏലൂര്‍: സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ അമിതവേഗതയില്‍ പായുന്ന ടിപ്പര്‍ ലോറിയില്‍ കൊണ്ടുപോവുന്ന സള്‍ഫര്‍ റോഡുകളില്‍ വീഴുന്നത് വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമാവുന്നു.
ഇന്നലെ എടയാര്‍ വ്യവസായ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ സള്‍ഫര്‍ വല്ലാര്‍പാടം റോഡിലെ പഴയ ആനവാതിലില്‍ റോഡില്‍ വീഴുകയും യാത്രക്കാര്‍ക്കും മറ്റും അസ്വസ്ഥതയനുഭവപ്പെടുകയും ചെയ്തു. ഉച്ചക്ക് 11.30ന് റോഡിലേക്കു വീണ സള്‍ഫര്‍ കാറ്റില്‍ പറന്നതോടെ ഇരുചക്രവാഹനയാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടേയും ശരീരത്തില്‍ പറന്നുവീഴുകയും പലര്‍ക്കും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയുമായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഏലൂരില്‍നിന്നും ഫയര്‍ഫോഴ്‌സ് യൂനിറ്റെത്തി വെള്ളമൊഴിച്ച് സള്‍ഫര്‍ കഴുകി കളഞ്ഞു. ഐലന്റില്‍നിന്നും കൊണ്ടുവന്ന സള്‍ഫര്‍ വേണ്ട രീതിയില്‍ സുരക്ഷ പാലിക്കാതെ കൊണ്ടുവരുന്നതിനാല്‍ പലതവണ റോഡില്‍ വീഴുന്നത് പതിവായിരിക്കുകയാണ്. പലപ്രാവശ്യവും റോഡില്‍ വീഴുന്ന സള്‍ഫര്‍ ഫാക്ടിന്റെയും ഏലൂര്‍ ഫയര്‍ ഫോഴ്‌സിലെയും വാഹനങ്ങള്‍ വന്ന് കഴുകിക്കളയുന്നത് പതിവായിരിക്കുകയാണ്. അപകടകരമായ രാസവസ്തുക്കള്‍ കൊണ്ടുപോവുമ്പോള്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തത് അപകടങ്ങള്‍ക്കു വഴിവച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ രാസവസ്തുക്കള്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it