thrissur local

ലോര്‍ഡ് കൃഷ്ണ അലുമിനിയം കമ്പനി അടച്ചിടാന്‍ ഉത്തരവ്



ചാലക്കുടി: പരിസ്ഥിതി മലിനീകരണത്തെ തുടര്‍ന്ന് പോട്ടയിലെ ലോര്‍ഡ് കൃഷ്ണ അലുമിനിയം കമ്പനി അടച്ചിടാന്‍ ഹൈക്കോടതി ഉത്തരവിട്ടതായി ആക്ഷണ്‍ കൗണ്‍സില്‍ ഭാരാവഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭ 35-ാം വാര്‍ഡില്‍ മുപ്പത്തിനാല് വര്‍ഷങ്ങളായി അലുമിനിയം ഉരുക്കി വലിയ വാര്‍പ്പുകളും ചെരുവങ്ങളും നിര്‍മ്മിക്കുന്ന ഈ സ്ഥാപനത്തിന് 2017വരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ലായെന്നും ഇവര്‍ ആരോപിച്ചു. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പും  മനിനീകരണ നിയന്ത്രണ ബോര്‍ഡും നടത്തിയ പരിശോധനകളില്‍ ജലം, വായു, പരിസ്ഥിതി മലിനീകരണം എന്നിവയില്‍ അനുവദിനീയമായ അളവിലും വളരെ കൂടുതലാണ് കമ്പനിയില്‍ നിന്നും പുറം തള്ളുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അടച്ച് പൂട്ടാനുള്ള ഉത്തരവിട്ടതെന്നും ഇവര്‍ പറഞ്ഞു. ലൈസന്‍സ് അതോറിറ്റിയായ നഗരസഭ സെക്രട്ടറിയും ആരോഗ്യ വിഭാഗവും കമ്പനിക്കെതിരെ നിയമാനുസൃതമായ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ്  പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി ഉടമകള്‍ക്കെതിരേയും കമ്പനിയുടെ പ്രവര്‍ത്തനത്തിന് ഒത്താശ ചെയ്ത് കൊടുത്ത നഗരസഭ അധികൃതര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കാനായി കോടതിയെ സമീപിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അഡ്വ.ആന്റണി ലോയിഡ്, ജോഷി കല്ലുവീട്ടില്‍, ബിജിത്ത് പറമ്പിക്കാട്ടില്‍, റാഫി പട്ടത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it