Articles

ലോങ് മാര്‍ച്ച് കണ്ട് രോമാഞ്ചമണിയുന്നവര്‍

ഇന്ദ്രപ്രസ്ഥം -  നിരീക്ഷകന്‍
ആദ്യം പോയത് ബംഗാള്‍. ഇപ്പോള്‍ ത്രിപുരയും പോയി. ഇനി എന്താണ് പോകാനിരിക്കുന്നതെന്ന ചോദ്യം മാത്രമേ ബാക്കിയുള്ളൂ. കേരം തിങ്ങും കേരള നാട്ടില്‍ ഇപ്പോഴും കുറേ ചെങ്കൊടികള്‍ ബാക്കിനില്‍ക്കുന്നുണ്ട്. അതിനിടയ്ക്ക് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ വിധാന്‍ സഭയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ കൈയിലേന്തിയ ചെങ്കൊടി കണ്ട് രാജ്യമാകെ പുളകമണിഞ്ഞു. ത്രിപുരയും ബംഗാളും പോയാലെന്താ, കണ്ടില്ലേ മഹാരാഷ്ട്രയില്‍ ചെങ്കൊടിയുടെ പൂക്കാലം വരുന്നത് എന്നാണ് സഖാക്കള്‍ ചോദിക്കുന്നത്.
കേട്ടാല്‍ തോന്നും, മഹാരാഷ്ട്രയിലെ കൃഷിക്കാരൊക്കെ നല്ല ഒന്നാന്തരം സഖാക്കളായി മാറിക്കഴിഞ്ഞുവെന്ന്. ഇനി വിപ്ലവം വരാന്‍ മാത്രമേ ബാക്കിയുള്ളൂ. പണ്ട് യെനാന്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് മാവോ സേ തുങ് ലോങ് മാര്‍ച്ച് എന്ന വിപ്ലവജാഥ ആരംഭിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്നു പുറപ്പെട്ട് അവസാനം തലസ്ഥാനം തന്നെ കീഴടക്കി ചൈനയില്‍ കമ്മ്യൂണിസ്റ്റ് ആധിപത്യം സ്ഥാപിച്ച സംഭവമാണ് ലോങ് മാര്‍ച്ചിന്റെ ഇതിഹാസത്തിലൂടെ സഖാക്കള്‍ ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് മുംബൈയിലേക്കു നടത്തിയ 180 കിലോമീറ്റര്‍ കര്‍ഷക മാര്‍ച്ചിന് ലോങ് മാര്‍ച്ച് എന്നു പേരിട്ടത്.
പക്ഷേ, മാവോയുടെ യെനാനില്‍ നിന്നുള്ള ലോങ് മാര്‍ച്ചും കര്‍ഷക സംഘം സഖാക്കളുടെ മുംബൈ മാര്‍ച്ചും തമ്മിലുള്ള ബന്ധം കടലും കടലാടിയും തമ്മിലുള്ളതുതന്നെ. മാവോയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഫ്യൂഡല്‍-മുതലാളിത്ത ആധിപത്യത്തില്‍ നിന്നു വിമോചിപ്പിക്കാനുള്ള മഹാപ്രസ്ഥാനമാണ് നടന്നത്. അതിന്റെ അന്ത്യം ചൈനയുടെ ഭരണം പിടിച്ചെടുത്ത് കൂമിന്താങുകളെ നാട്ടില്‍ നിന്ന് ഓടിക്കുക എന്നതായിരുന്നു. 1949ല്‍ ചിയാങ് കൈഷെക്കും സംഘവും ഫോര്‍മോസ എന്ന ദ്വീപിലേക്ക് ഓടിപ്പോയി അവിടെ തങ്ങളുടെ ചൈനീസ് ഭരണകൂടം സ്ഥാപിച്ചു. പീക്കിങില്‍ മാവോയും സഖാക്കളും ഭരണം തുടങ്ങി.
അത് ഏഴു പതിറ്റാണ്ട് മുമ്പുള്ള ചരിത്രമാണ്. അതിനു ശേഷം ചൈനയിലെ മഞ്ഞനദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. നദിയില്‍ അണക്കെട്ടുകള്‍ നിരവധി വന്നു. ചൈനയില്‍ സാംസ്‌കാരിക വിപ്ലവം എന്ന പേരില്‍ വലിയ കുരിശുയുദ്ധങ്ങള്‍ നടന്നു. കൃഷിഭൂമിയൊക്കെ സര്‍ക്കാര്‍ പിടിച്ചെടുത്തപ്പോള്‍ നാടാകെ പട്ടിണി ചുടലനൃത്തം ചവിട്ടി. കോടിക്കണക്കിനു മനുഷ്യരാണ് പട്ടിണിയില്‍ ചത്തുവീണത്. ചൈനയില്‍ സങ്കല്‍പിക്കാനാവാത്ത ദുരന്തങ്ങളാണ് വിപ്ലവത്തിനു ശേഷം മാവോയും അനുയായികളും അടിച്ചേല്‍പിച്ചത്.
അങ്ങനെ തകര്‍ന്നു തരിപ്പണമായ ചൈനയെ ഇന്നത്തെ നിലയില്‍ പുനര്‍നിര്‍മിക്കുന്നത് ദെങ് സിയാവോ പിങ് 1979ല്‍ നേതൃത്വത്തില്‍ വന്നതോടെയാണ്. മാവോയുടെ കാലത്ത് അനഭിമതനായിരുന്ന ദെങ് പാര്‍ട്ടിയെയും ഭരണത്തെയും ആകെ മാറ്റി. 'പൂച്ച കറുത്തതോ വെളുത്തതോ ആവട്ടെ, എലിയെ പിടിക്കുമോ എന്നതാണ് കാര്യം' എന്ന് ദെങ് പ്രഖ്യാപിച്ചു. എന്നുവച്ചാല്‍ മൂലധനം സോഷ്യലിസ്‌റ്റോ കാപ്പിറ്റലിസ്റ്റോ ആവട്ടെ, അതു സമ്പത്ത് ഉണ്ടാക്കുകയും ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയും പട്ടിണി മാറ്റുകയും ചെയ്യുമോ എന്നതാണ് കാര്യം എന്നാണ് അതിന്റെ നേരെച്ചൊവ്വേയുള്ള അര്‍ഥം.
അത്തരം പ്രായോഗിക നയങ്ങളാണ് ചൈനയെ ഇന്നത്തെ അഭിവൃദ്ധിയുടെ പാതയില്‍ എത്തിച്ചത്. ദെങിനു ശേഷം ഹു ജിന്റാവോയും ജിയാങ് സെമിനും ഭരണം നടത്തി. അവരും ജനങ്ങള്‍ക്ക് സാമ്പത്തിക നേട്ടം കൊണ്ടുവരുന്നതിനാണ് ഉത്സാഹിച്ചത്. അതിനു കമ്പോളം തുറന്നുകൊടുത്തു. വ്യവസായങ്ങള്‍ വളരാന്‍ സൗകര്യം ഒരുക്കി. തൊഴില്‍ലഭ്യത വര്‍ധിപ്പിക്കാന്‍ ഉല്‍പാദന മേഖലയില്‍ വമ്പിച്ച കുതിച്ചുചാട്ടം നടത്തി. ലോകത്തിന്റെ നാനാഭാഗത്തും വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ വില്‍പനയ്‌ക്കെത്തി. അതാണ് ലോങ് മാര്‍ച്ചിന്റെ അനുഭവം. സമ്പത്ത് ഉണ്ടാവണമെങ്കില്‍ വിപ്ലവവായാടിത്തം പോരാ, പ്രായോഗിക നടപടികള്‍ വേണമെന്നാണ് ചൈന തെളിയിച്ചത്.
ഇവിടെ അതു വല്ലതും സഖാക്കള്‍ക്കു മനസ്സിലായോ? ബംഗാളില്‍ മൂന്നു പതിറ്റാണ്ടു ഭരിച്ചപ്പോഴും കൃഷിക്കാരുടെ നില പരുങ്ങലില്‍ തന്നെ. തൊഴിലാളിയുടെ സ്ഥിതിയും തഥൈവ. യുവജനങ്ങള്‍ക്കും പണിയില്ല. ഗുണം ആകെയുണ്ടായത് പാര്‍ട്ടി നേതാക്കള്‍ക്കും അവരെ ചുറ്റിപ്പറ്റി ദാദാഗിരിയുമായി നടന്ന പ്രാദേശിക പ്രവര്‍ത്തകര്‍ക്കും ഗുണ്ടകള്‍ക്കും.
അത്തരം പ്രവണതകളാണ് പ്രസ്ഥാനത്തെ തകര്‍ത്തതെന്ന് കാര്യബോധമുള്ള സഖാക്കള്‍ പറയുന്നു. അതിനു നയം മാറ്റണം. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണം. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ കൊടിയെടുത്തത് കൃഷി നശിച്ചതുകൊണ്ടാണ്. പക്ഷേ, ചെങ്കൊടി കൊണ്ട് കൃഷിയോ വ്യവസായമോ വളരില്ല എന്ന് എത്രയോ കാലത്തെ അനുഭവം കൊണ്ടു തിരിച്ചറിഞ്ഞവരുമാണ് ഈ സമൂഹം. അതിനാല്‍ ഇനിയെന്ത് എന്ന ചോദ്യം ഇപ്പോഴും പ്രസക്തമായി നില്‍ക്കുന്നു.                          ി
Next Story

RELATED STORIES

Share it