World

ലോക ഹിന്ദു സമ്മേളനം: ബിജെപി മന്ത്രിമാര്‍ പങ്കെടുക്കില്ല

ഷിക്കാഗോ: ഷിക്കാഗോയില്‍ നടക്കുന്ന ലോക ഹിന്ദു സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നു മന്ത്രിമാര്‍ പങ്കെടുക്കില്ല. ബിജെപി കേന്ദ്രസമിതി യോഗമുണ്ടെന്ന പേരിലാണു മന്ത്രിമാര്‍ ഹിന്ദു സമ്മേളനത്തില്‍ നിന്ന് ഒഴിവാകുന്നത്.
എന്നാല്‍ ഹിന്ദു സമ്മേളനത്തിന്റെ തിയ്യതി അറിഞ്ഞുകൊണ്ടു തന്നെയാണു ബിജെപി കേന്ദ്ര സമിതി യോഗവും തീരുമാനിച്ചത്. ഹിന്ദുമത സമ്മേളനത്തിനെതിരേ യുഎസിലെ ഇന്ത്യന്‍ സംഘടനകള്‍ ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണു മന്ത്രിമാര്‍ സമ്മേളനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. വിഎച്ച്പിയുടെ യുഎസ് ഘടകവും ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള ഹിന്ദു സ്വയം സേവക് സംഘവുമാണു ഷിക്കാഗോയില്‍ ലോക ഹിന്ദു സമ്മേളനം സംഘടിപ്പിക്കുന്നത്. സംഘപരിവാരത്തിന്റെ ന്യൂനപക്ഷ വിദ്വേഷ പ്രാസംഗികനായ രാജീവ് മല്‍ഹോത്രയാണു സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍. ഇന്ത്യയില്‍ സംഘപരിവാരം ഉയര്‍ത്തുന്ന വിശുദ്ധപശു, ലൗ ജിഹാദ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനയാണു ഹിന്ദു സ്വയംസേവക്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തിനെത്തുന്നുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സമ്മേളനത്തിനു ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം പ്രാസംഗികരുടെ പട്ടികയിലില്ല. സമ്മേളനത്തില്‍ നിന്നു യോഗി ആദിത്യ നാഥും വിട്ടുനില്‍ക്കുമെന്നാണു സൂചന.
സമ്മേളനത്തിനെതിരേ ഷിക്കാഗോയില്‍ ഇന്ത്യന്‍ വംശജര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുണ്ട്.ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കാനുള്ള സംയുക്ത സമിതി (സിഡിസിഡി) ലോക ഹിന്ദു സമ്മേളനത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കെതിരേ കടുത്ത ആക്രമണങ്ങളിലേര്‍പ്പെടുകയും വംശഹത്യ നടത്തുകയും ചെയ്യുന്ന ആര്‍എസ്എസ്, വിഎച്ച്പി, സമാന സംഘടനകള്‍ക്കു യുഎസില്‍ പൊതുവേദി അനുവദിക്കരുതെന്നും അവര്‍ക്കു പ്രസ്താവനകള്‍ നടത്താന്‍ അനുമതി നല്‍കരുതെന്നും സിഡിസിഡി ആവശ്യപ്പെട്ടു. മതസൈനിക സംഘടനയാണു വിഎച്ച്പി എന്ന് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ റിപോര്‍ട്ട് പുറത്തിറക്കിയിരുന്നു.

Next Story

RELATED STORIES

Share it