World

ലോക വ്യാപാര സംഘടനയെ ബഹിഷ്‌കരിക്കും: ട്രംപ്

വാഷിങ്ടണ്‍: ലോക വ്യാപാര സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഭീഷണി. സംഘടനയുടെ പല തീരുമാനങ്ങളും യുഎസിന് എതിരാണെന്നും ട്രംപ് പറഞ്ഞു. നേരത്തേയും ലോക വ്യാപാര സംഘടനയ്‌ക്കെതിരേ ട്രംപ് സംസാരിച്ചിരുന്നു. ലോക വ്യാപാര സംഘടനയിലൂടെ എല്ലാവര്‍ക്കും നേട്ടമുണ്ടാകുമ്പോള്‍ യുഎസിനു ലഭിക്കുന്നില്ല എന്നായിരുന്നു വിമര്‍ശനം.
അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലോക വ്യാപാര സംഘടന ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആഗോള വിപണിയില്‍ അമേരിക്ക വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ലെന്നാണ് ട്രംപിന്റെ പരാതി. ഈ സാഹചര്യത്തിലാണ് സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്നും തുടര്‍ന്ന് ശക്തമായ പ്രതിഷേധ നടപടി സ്വീകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്ത് നടപടിയാണ് ലോക വ്യാപാര സംഘടനയ്‌ക്കെതിരേ തങ്ങള്‍ സ്വീകരിക്കുക എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ലോക വ്യാപാര സംഘടനയ്ക്ക് പുതിയ ന്യായാധിപനെ നിയമിക്കുന്നത് യുഎസ് എതിര്‍ത്തിരുന്നു. യുഎസിന്റെ പരമാധികാരത്തില്‍ ലോക വ്യാപാര സംഘടന ഇടപെടുകയാണെന്നും നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. യുഎസും മെക്‌സിക്കോയുമായി കാനഡ പുതിയ വ്യാപാര കരാറിനു രൂപം നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഇറാനെതിരേയുള്ള യുഎസ് ഉപരോധം നിലവിലുള്ളതിനൊപ്പം ചൈനയുമായി ഇറക്കുമതി ചുങ്കത്തിന്റെ കാര്യത്തില്‍ യുഎസ് വ്യാപാരയുദ്ധത്തിലാണ്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ലോക വ്യാപാര സംഘടനയില്‍ നിന്നു പുറത്തുപോവുമെന്ന് ട്രംപ് പറഞ്ഞത്.

Next Story

RELATED STORIES

Share it