World

ലോക വ്യാപാരനിലയം ആക്രമണം: സിഐഎ രഹസ്യരേഖകള്‍ സൗദിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നു

വാഷിങ്ടണ്‍: ലോക വ്യാപാരനിലയത്തില്‍ അല്‍ഖാഇദ നടത്തിയ ആക്രമണം സംബന്ധിച്ച് 2002ല്‍ സമര്‍പ്പിച്ച കോണ്‍ഗ്രസ് റിപോര്‍ട്ടിലെ അതീവ രഹസ്യമായി സൂക്ഷിച്ച 28 പേജുകള്‍ പുറത്തുവിടുമെന്ന് സൂചന.
ഈ രേഖകള്‍ പുറത്തുവന്നാല്‍ സൗദി അറേബ്യക്ക് സംഭവത്തില്‍ പങ്കില്ലെന്നത് വ്യക്തമാവുമെന്ന് യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം സിഐഎ മേധാവി ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു. സൗദി സര്‍ക്കാര്‍ ആക്രമണത്തിന് സഹായം നല്‍കിയെന്ന് 2002ല്‍ സെനറ്റിന്റെ രഹസ്യാന്വേഷണ സമിതിയുടെ മേധാവിയായിരുന്ന ബോബ് ഗ്രഹാം ആരോപിച്ചിരുന്നു. എന്നാല്‍, ഇത് വാസ്തവമല്ലെന്നും രേഖകള്‍ പുറത്തുവരുന്നതോടെ സത്യാവസ്ഥയെന്തെന്ന് എല്ലാവര്‍ക്കും മനസ്സിലാവുമെന്നും ബ്രണ്ണന്‍ പറഞ്ഞു. സൗദി ഉദ്യോഗസ്ഥരോ സര്‍ക്കാരോ ഇതിന് സഹായിച്ചതായി ഒരു തെളിവുമില്ലെന്നും രേഖകള്‍ ഉടന്‍ തന്നെ പുറത്തുവരേണ്ടതുണ്ടെന്നും ബ്രണ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിലെ പങ്ക് സൗദി നേരത്തേ തന്നെ നിഷേധിച്ചിരുന്നു. 3000ത്തോളം പേര്‍ മരിച്ച ആക്രമണത്തില്‍ ഇരകളായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൗദി സര്‍ക്കാരിനെ സമീപിക്കാന്‍ അനുവദിക്കുന്ന ബില്ലിന് സെനറ്റ് നേരത്തേ അംഗീകാരം നല്‍കിയിരുന്നു.
ബില്‍ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. ബില്ലിന് സെനറ്റ് അംഗീകാരം നല്‍കിയതിനെതിരേ സൗദി ശക്തമായി പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിഐഎ മേധാവിയുടെ വെളിപ്പെടുത്തല്‍.
Next Story

RELATED STORIES

Share it