ലോക മതഭീകരതയുടെ മുഖമായി ഹിന്ദുത്വം മാറി: ഹുഷാങ്കി പ്രസാദ്

കോട്ടയം: ഇന്ത്യന്‍ ഹിന്ദുത്വം ലോക മതഭീകരതയുടെ മുഖമായി മാറിയെന്ന് കര്‍ണാടകയിലെ യുവ ദലിത് എഴുത്തുകാരന്‍ ഹുഷാങ്കി പ്രസാദ്. കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളില്‍ ദേശീയ ദലിത് വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ ഡോ. ബി ആര്‍ അംബേദ്കറുടെ ജാതി ഉന്മൂലനം എന്ന കൃതിയുടെ 80ാം വാര്‍ഷികവും ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ സംസ്ഥാന കാംപയിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മത തീവ്രവാദികളുടെ ചാവേറുകളായി ദലിതര്‍ മാറുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. 1911ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ സെന്‍സസ് രേഖകളില്‍ ദലിതര്‍ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്നാണ് പറയുന്നത്. ദലിതര്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന് ഹിന്ദുത്വശക്തികള്‍ പ്രഖ്യാപിക്കണം. അതിന് സന്നദ്ധമല്ലെങ്കില്‍ ദലിതര്‍ക്കുവേണ്ടിയുള്ള പ്രചാരണവേലകള്‍ അവസാനിപ്പിക്കണം. ഉത്തര്‍പ്രദേശില്‍ വയോധിക സ്ത്രീ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനും ചെന്നൈയില്‍ അംബേദ്കറുടെ ഗാനം റിങ് ട്യൂണായി ഉപയോഗിച്ചതിന് യുവാവിനെയും കൊലപ്പെടുത്തി ഹിന്ദുത്വം കൂടുതല്‍ ആക്രമണകാരിയായി മാറുകയാണ്.
ലണ്ടനിലെ ഡോ. ബി ആര്‍ അംബേദ്കറുടെ വസതി ഏറ്റെടുത്ത് സര്‍ക്കാര്‍ സ്മാരകമാക്കുമെന്ന നരേന്ദ്രമോദിയുടെ പ്രഖ്യാപനം ദലിതരുടെ വോട്ടു തട്ടിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ബഹുമാനിക്കുന്നുണ്ടെങ്കില്‍ അംബേദ്കര്‍ രൂപകല്‍പന ചെയ്ത ഭരണഘടന സംരക്ഷിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കുന്ന സംവരണം സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കണം. പരസ്പര ധാരണയോടെ പരിപാടികള്‍ സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ്സും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it