Middlepiece

ലോക പട്ടിണിച്ചര്‍ച്ചയില്‍ മോദി പൊരിയുന്നു!

ലോക പട്ടിണിച്ചര്‍ച്ചയില്‍ മോദി പൊരിയുന്നു!
X
slug-madhyamargamഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വിശപ്പും പട്ടിണിയും വിലക്കയറ്റവും ചര്‍ച്ചചെയ്യാതെ കടന്നുപോവുമെന്നായിരുന്നു വിചാരിച്ചിരുന്നത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മൂന്നാംപക്ഷക്കാര്‍ക്കും മാധ്യമപക്ഷക്കാര്‍ക്കും അനവധി വിഷയങ്ങള്‍ വേറെ കിട്ടിയപ്പോള്‍ സാധാരണ ചര്‍ച്ചാവിഷയമായ വിശപ്പും പട്ടിണിയും കേള്‍ക്കാതാവുകയായിരുന്നു.
തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിലാണ് പട്ടിണി പെട്ടെന്നു പൊന്തിവന്നത്. അതാണെങ്കില്‍ വെറും പട്ടിണിയല്ല. നമ്മുടെ സംസ്ഥാനത്തെയോ രാജ്യത്തിലെയോ പട്ടിണിയുമല്ല. ലോക പട്ടിണി! സോമാലിയയിലെ കൊടും പട്ടിണി! പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം കൂട്ടത്തോടെ പിടഞ്ഞുമരിക്കുന്ന രാജ്യം. പട്ടിണി സഹിക്കാന്‍ വയ്യാതെ കൂട്ടത്തോടെ അയല്‍രാജ്യങ്ങളിലേക്കു കുടിയേറാന്‍ ശ്രമിക്കുന്ന ജനത. കൊള്ളക്കാരും ക്രിമിനലുകളും ആടിത്തകര്‍ക്കുന്ന രാജ്യം. ലോകത്തെ പരിഹരിക്കാനാവാത്ത ദുരന്തഭൂമിയായ ആഫ്രിക്കയിലെ സോമാലിയയിലെ മഹാപട്ടിണി ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നു. അങ്ങനെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് സാര്‍വദേശീയ നിലവാരമുള്ള ഒരു തിരഞ്ഞെടുപ്പായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിനെല്ലാം അവസരം ഉണ്ടാക്കിയത്.
ഒരിക്കലും മറക്കാന്‍ പാടില്ലാത്ത വിശപ്പിനെയും പട്ടിണിയെയും ലോകത്തെ ഓര്‍മിപ്പിച്ച പ്രധാനമന്ത്രിക്ക് വാസ്തവത്തില്‍ നന്ദി പറയണം. പട്ടിണിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി കേരളത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തി. സോമാലിയയുമായി അദ്ദേഹം കൊച്ചു കേരളത്തെ താരതമ്യം ചെയ്തു നമ്മെ അനുഗ്രഹിച്ചു! തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളീയര്‍ക്ക് സോമാലിയയിലേക്ക് പോവാനും അവിടുത്തുകാര്‍ക്ക് ഇങ്ങോട്ട് വരാനുമുള്ള അവസരം അദ്ദേഹം ഒരുക്കിത്തരുമായിരിക്കും.
കേരളം ഭ്രാന്താലയം എന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ തന്റെ പ്രസ്താവന നാളെ മലയാളികള്‍ തങ്കലിപികളില്‍ എഴുതിവയ്ക്കുമെന്നു പാവം പ്രധാനമന്ത്രി മോദി ധരിച്ചുപോയിരിക്കാം. സ്വാമി വിവേകാനന്ദനോട് ചോദിക്കാനും പറയാനും ആരും പോയതായി അറിവില്ല. പക്ഷേ, പ്രധാനമന്ത്രിയോട് ചോദിക്കാന്‍, ബിജെപിക്കാരെ ഒഴിവാക്കി നിര്‍ത്തി സംസ്ഥാനം മുഴുവന്‍ അണിനിരന്നത് പ്രധാനമന്ത്രിയും പാര്‍ട്ടിയും ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പ്രധാനമന്ത്രിക്കെതിരേ മലയാളികളുടെ ഞരമ്പുകളില്‍ ചോര തിളയ്ക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ കണ്ടത്.
പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും നിലവിലുള്ള എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് പ്രധാനമന്ത്രിയെ അതിരൂക്ഷമായി ആക്ഷേപിക്കുകയാണ് മിക്കവരും ചെയ്തത്. ജീവിതത്തിന്റെ നാനാതുറകളില്‍ കഴിയുന്നവര്‍ പ്രധാനമന്ത്രിയെ പച്ചയ്ക്ക് കീറി മുറിക്കുകയായിരുന്നു. 'പോ മോനെ മോദി' എന്ന പ്രയോഗത്തിനു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ സ്വീകരണമാണു ലഭിച്ചത്.
വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ എവിടെയാണു പട്ടിണിയുള്ളതെന്നു പ്രധാനമന്ത്രിക്കും പാര്‍ട്ടിക്കാര്‍ക്കും എളുപ്പം കണ്ടുപിടിക്കാവുന്നതാണ്. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ ആദിവാസി കേന്ദ്രങ്ങളില്‍ പട്ടിണിക്കാരെ അവതരിപ്പിച്ച് പ്രധാനമന്ത്രി മലയാളികളുടെ മുമ്പില്‍ സ്വയം പരിഹാസ്യനാവുകയായിരുന്നു. നാല് സീറ്റിനും വോട്ടിനും വേണ്ടി പ്രധാനമന്ത്രി നടത്തിയ തരംതാണ അഭ്യാസം! വീറുറ്റ രാഷ്ട്രീയ പോരാട്ടങ്ങളിലും രാഷ്ട്രീയ പ്രതിസന്ധികളിലും ദേശീയനേതാക്കളെ ആദരിച്ച പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളത്. ഏതെങ്കിലും ഒരു പ്രധാനമന്ത്രിയെ എടാ, പോടാ എന്നു വിളിച്ച പാരമ്പര്യം മലയാളികള്‍ക്കില്ല. എന്നാല്‍, കേരളത്തെ ഒന്നാകെ അപമാനിച്ച മോദിക്കെതിരേ ജനവികാരം ആളിക്കത്തിയത് സ്വാഭാവികമാണ്. രണ്ടു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നിട്ടും സംസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്യാത്തതിലുള്ള ശാന്തമായ അമര്‍ഷവും ഈ പ്രതിഷേധത്തില്‍ പ്രകടമായിരുന്നു. എല്ലാ കാര്യങ്ങളിലും കേരളത്തേക്കാള്‍ എത്രയോ താഴെ നിലകൊള്ളുന്ന ഗുജറാത്ത് മോഡല്‍ ഭരണത്തെ മലയാളികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെ കാണാനായി. പ്രസംഗത്തിലൂടെ താന്‍ പറയുന്ന കാര്യങ്ങളെല്ലാം മലയാളികള്‍ വിഴുങ്ങുമെന്ന പ്രധാനമന്ത്രിയുടെ ധാരണയാണ് ഇവിടെ തെറ്റിയത്. കേരളത്തെ അപമാനിക്കുന്നതിനുവേണ്ടി ലോകത്തിന്റെ മഹാദുരന്തമായ സോമാലിയയെ പരിഹസിക്കുക കൂടിയാണു പ്രധാനമന്ത്രി ചെയ്തതെന്നു ജനങ്ങള്‍ മനസ്സിലാക്കി. സോമാലിയയിലെ പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കാനുള്ള വഴികളെക്കുറിച്ചാണ് ഏതൊരു ദേശീയനേതാവും പറയേണ്ടത്.
കേരളത്തിന്റെ പാരമ്പര്യവും പോരാട്ടങ്ങളും സാക്ഷരതയും വിദ്യാഭ്യാസമുന്നേറ്റവും മനസ്സിലാക്കാത്ത മോദി ഗുജറാത്താണ് കേരളത്തേക്കാള്‍ ഉയരത്തിലെന്നു വിശ്വസിക്കുന്ന ആളാണ്. സംസ്ഥാനത്തെ മോദി അനുയായികളും അങ്ങനെ കരുതിവരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലോ നവോത്ഥാനപ്രസ്ഥാനങ്ങളിലോ പങ്കാളികളാവാത്ത ഒരു പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ മോദിയില്‍നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടിവരും. കേരളീയരെ ഒന്നടങ്കം അപമാനിച്ച പ്രധാനമന്ത്രിക്കും പാര്‍ട്ടിക്കും കനത്ത തിരിച്ചടി കിട്ടുമെന്നു പ്രതീക്ഷിക്കാം. മലയാളികള്‍ മണ്ടന്‍മാരല്ലെന്നു മനസ്സിലാക്കിക്കൊടുക്കേണ്ട ബാധ്യത നമുക്കുണ്ട്.
Next Story

RELATED STORIES

Share it