Flash News

ലോക നെറുകയില്‍ ഫ്രാന്‍സ്‌

മോസ്‌കോ: 2016ലെ യൂറോകപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിനു മുന്നില്‍ വീണ ഫ്രാന്‍സ് ദുരന്തം ഇന്നലെ ആവര്‍ത്തിച്ചില്ല. 41 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യന്‍ അട്ടിമറികള്‍ ഫൈനലില്‍ തുടര്‍ക്കഥയായതുമില്ല. ലോകകപ്പിലെ ആദ്യ ഫൈനലിലൂടെ കിരീടം ചൂടാമെന്നുറച്ച് ലുഷ്‌നികി സ്റ്റേഡിയത്തിലിറങ്ങിയ ക്രൊയേഷ്യയെ 4-2ന് തകര്‍ത്ത് ഫ്രാന്‍സ് രണ്ടാം കിരീടം ഉയര്‍ത്തി. 1998ലാണ് ഫ്രഞ്ച് ടീം ആദ്യമായി കിരീടം ചൂടിയത്. ഫ്രാന്‍സിന് വേണ്ടി കൈലിയന്‍ എംബാപ്പെയും അന്റോണിയോ ഗ്രീസ്മാനും പോള്‍ പോഗ്ബയും ഗോള്‍ കണ്ടെത്തിയപ്പോള്‍ ക്രൊയേഷ്യക്ക് വേണ്ടി ഇവാന്‍ പെരിസിച്ചും മരിയോ മാന്‍സുക്കിച്ചും ലക്ഷ്യം കണ്ടു. ക്രൊയേഷ്യന്‍ താരം മാന്‍സുക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയായിരുന്നു ഫ്രാന്‍സിന്റെ ആദ്യഗോള്‍ വീണത്.
11ാം മിനിറ്റില്‍ പെരിസിച്ച് ഫ്രാന്‍സ് പോസ്റ്റിലേക്ക് ഉതിര്‍ത്ത അലക്ഷ്യമായ പാസ് പിടിച്ചെടുക്കാന്‍ ഇവാന്‍ പെരിസിച്ച് ശ്രമിച്ചെങ്കിലും പന്ത് നിയന്ത്രിക്കാന്‍ താരത്തിനായില്ല. എന്നാല്‍, 18ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ ആരാധകരെ ഞെട്ടിച്ച് മാന്‍സുക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ മല്‍സരത്തില്‍ ഫ്രാന്‍സിന്റെ ആദ്യഗോള്‍ പിറന്നു. എന്നാല്‍ 10 മിനിറ്റിനുള്ളില്‍ ഇവാന്‍ പെരിസിച്ചിന്റെ തകര്‍പ്പന്‍ ഗോള്‍ ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചു.
പെനല്‍റ്റി ബോക്‌സിന് പുറത്തുവച്ച് ഒന്നാന്തരം തന്ത്രങ്ങള്‍ക്കൊടുവിലാണ് ഇവാന്‍ പെരിസിച്ച് ഷോട്ടുതിര്‍ത്തത്. താരത്തിന്റെ ഷോട്ട് ഗോളി ഹ്യൂഗോ ലോറിസിനെയും മറികടന്ന് വലയില്‍ ചെന്നിരുന്നു. 39ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഫ്രഞ്ച് പട രണ്ടാം ഗോളും സ്വന്തമാക്കി. ഫ്രാന്‍സിന് കോര്‍ണര്‍ കിക്ക് ലഭിച്ചപ്പോള്‍ കിക്കെടുത്ത ഗ്രീസ്മാന്‍ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തു. എന്നാല്‍, ആ ഷോട്ട് ബോക്‌സില്‍ വച്ച് പെരിസിച്ചിന്റെ കൈയില്‍ തട്ടി. ആദ്യമൊന്നും റഫറി പെനല്‍റ്റി അനുവദിച്ചില്ലെങ്കിലും ഒടുവില്‍ വാറിലൂടെ ഫ്രാന്‍സിന് പെനല്‍റ്റി ലഭിച്ചു. പെനല്‍റ്റിയെടുത്ത ഗ്രീസ്മാന് ഉന്നംതെറ്റിയില്ല. ക്രൊയേഷ്യന്‍ സൂപ്പര്‍ ഗോള്‍കീപ്പര്‍ ഡാനിയല്‍ സുബാസിച്ചിനെ കബളിപ്പിച്ച് പന്ത് വലയിലേക്ക്. ഫ്രാന്‍സ് 2-1ന് മുന്നില്‍.
പിന്നീട് തുടങ്ങിയ രണ്ടാം പകുതിയിലെ 61ാം മിനിറ്റില്‍ പോഗ്ബയിലൂടെ ഫ്രാന്‍സിന്റെ മൂന്നാം ഗോളും വീണു.
ആറ് മിനിറ്റുകള്‍ക്കകം എംബാപ്പെയും ക്രൊയേഷ്യയുടെ വല കുലുക്കിയതോടെ ഫ്രാന്‍സ് 4-1ന് ഏറെ മുന്നില്‍. നാലു മിനിറ്റുകള്‍ക്കകം ഫ്രാന്‍സ് ഗോളി ഹ്യുഗോ ലോറിസിന്റെ പിഴവിലൂടെ മാന്‍സുക്കിച്ച് ക്രൊയേഷ്യന്‍ ടീമിന്റെ ഗോള്‍വ്യത്യാസം രണ്ടാക്കി ചുരുക്കി. ശേഷം ഫ്രാന്‍സ് പ്രതിരോധം കാത്തുകളിച്ചതോടെ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ 4-2ന്റെ ജയവുമായി രണ്ടാം ലോകകപ്പ് കിരീടം ഫ്രാന്‍സ് നേടിയെടുത്തു.
Next Story

RELATED STORIES

Share it