Athletics

ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പ്; നാലു ലോക റെക്കോഡുകള്‍


കസാന്‍ (റഷ്യ): ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ പുതിയ നാ ലു ലോകറെക്കോഡുകള്‍ കുറിക്കപ്പെട്ടു. നാലില്‍ മൂന്ന് റെക്കോഡും വനിതാ താരങ്ങളുടെ പേരിലാണെന്നതാണ് ശ്രദ്ധേയം. മറ്റൊരു റെക്കോഡ് പുരുഷവിഭാഗത്തിലാണ്.
വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ സ്വീഡന്റെ സാറ സ്യോസ്‌ട്രോം, 200 മീറ്റര്‍ വ്യക്തിഗ മെഡ്‌ലേയില്‍ ഹംഗറിയുടെ കതിന്‍ക ഹോസ്സു, 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അമേരിക്കയുടെ കാറ്റി ലെഡെക്കി എന്നിവരാണ് പുതിയ സമയം കൊണ്ട് ഫിനിഷ് ചെയ്ത് ചരിത്രത്തിന്റെ ഭാഗമായത്.
പുരുഷവിഭാഗത്തിലെ റെക്കോഡ് 50 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ ദക്ഷിണാഫ്രിക്കന്‍ താരം കാമറണ്‍ വാന്‍ഡര്‍ ബര്‍ഗിന്റെ പേരിലാണ്.
100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ 55.64 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്യോസ്‌ട്രോം റെക്കോഡ് സ്വന്തം പേരിലാക്കിയത്. ഈ ചാംപ്യന്‍ഷിപ്പില്‍ ഇതു രണ്ടാംതവണയാണ് താരം ലോകറെക്കോഡ് നേട്ടം കൈവരിക്കുന്നത്. നേരത്തേ ഞായറാഴ്ച നടന്ന ഇതേ മല്‍സരത്തിന്റെ ഹീറ്റ്‌സിലും സ്യോസ്‌ട്രോം റെക്കോഡ് സമയം കുറിച്ചിരുന്നു.



200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേയില്‍ 2.06.12 സെക്കന്റിലായിരുന്നു ഹോസ്സുവിന്റെ റെക്കോഡ് പ്രകടനം. 2009ല്‍ റോമില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ അമേരിക്കയുടെ അരിയാന കുക്കോസ് സ്ഥാപിച്ച സമയത്തെ 0.03 സെക്കന്റില്‍ ഹോസ്സു പിന്നിലാക്കുകയായിരുന്നു.
1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 15 മിനിറ്റും 27.71 സെക്കന്റിലും ഫിനിഷ് ചെയ്താണ് ലെഡെക്കി ലോക റെക്കോഡിന് അര്‍ഹയായത്. തന്റെ തന്നെ പേരിലുള്ള റെക്കോഡാണ് താരം തിരുത്തിയത്. 2014ലെ പാന്‍ പസഫിക് ചാംപ്യന്‍ഷിപ്പില്‍ സ്ഥാപിച്ച സമയം 0.65 സെക്കന്റില്‍ ലെഡെക്കി മറികടക്കുകയായിരുന്നു.

അതേസമയം, 50 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്ക് ഹീറ്റ്‌സിലായിരുന്നു വാന്‍ഡര്‍ ബര്‍ഗിന്റെ റെക്കോഡ്.

ഈയിനത്തിലെ നിലവിലെ ചാംപ്യന്‍ കൂടിയായ താരം 26.62 സെക്കന്റില്‍ ഫിനിഷ് ചെയ്ത് 2009ലെ മീറ്റില്‍ സ്ഥാപിച്ച 26.67 സെക്കന്റെന്ന സമയം പഴങ്കഥയാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it