ലോക കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീം കൊച്ചിയിലെത്തി

കൊച്ചി: 2018ലെ റഷ്യ ലോകകപ്പിനും 2019ലെ ഏഷ്യാകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുമുള്ള അവസാന പ്രിലിമിനറി യോഗ്യതാ മല്‍സരത്തിനായി ഇന്ത്യന്‍ ടീം കൊച്ചിയിലെത്തി. 29ന് വൈകീട്ട് ആറിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തുര്‍ക്ക്‌മെനിസ്താനെതിരേയാണ് മല്‍സരം. ഇറാനില്‍ നിന്നു പുറപ്പെട്ട് രാവിലെ എട്ട് മണിയോടെ കൊച്ചിയിലെത്തിയ ടീം വൈകീട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. പരിക്ക് കാരണം ഇറാനെതിരായ മല്‍സരത്തില്‍നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഇന്നലെ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അരക്കെട്ടിന് പരിക്കുള്ള ഛേത്രി 29ന് കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇന്നു വൈകീട്ട് ആറ് മണിക്ക് തുര്‍ക്ക്‌മെനിസ്താന്‍ ടീം കൊച്ചിയിലെത്തും. ഇന്ത്യന്‍ ടീമിന് ഹോളിഡേ ഇന്നിലും തുര്‍ക്ക്‌മെനിസ്താന്‍ ടീമിന് ക്രൗണ്‍ പ്ലാസയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്. ഒക്‌ടോബറില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ തുര്‍ക്ക്‌മെനിസ്താന്‍ ഇന്ത്യയെ 2-1ന് തോല്‍പിച്ചിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്ന് മൂന്നു വീതം ജയവും തോല്‍വിയും ഒരു സമനിലയുമായി പത്ത് പോയിന്റാണ് തുര്‍ക്ക്‌മെനിസ്താന്‍ ടീമിനുള്ളത്. അഞ്ചു ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ് തുര്‍ക്ക്‌മെനിസ്താന്‍. അതേസമയം, മല്‍സരത്തിനുള്ള ടിക്കറ്റ് വില്‍പന സ്റ്റേഡിയത്തിന് മുന്നിലുള്ള പ്രത്യേക കൗണ്ടറുകളില്‍ ആരംഭിച്ചു. 28, 29 തിയ്യതികളില്‍ ഫെഡറല്‍ ബാങ്കിന്റെ ബ്രോഡ്‌വേ, പാലാരിവട്ടം, വൈറ്റില, കലൂര്‍, തോട്ടക്കാട്ടുകര, ആലുവ ശാഖകളില്‍ നിന്നും ടിക്കറ്റ് ലഭിക്കും. 500, 200, 100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
Next Story

RELATED STORIES

Share it