Second edit

ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനമാണ്. 1988 മുതല്‍ ലോകാരോഗ്യസംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെയും ആഭിമുഖ്യത്തില്‍ ലോകം എയ്ഡ്‌സ് ദിനം ആചരിക്കുന്നു. അമേരിക്കയിലെ നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ റോബര്‍ട്ട് ഗാലോ എയ്ഡ്‌സ് രോഗാണുവിനെ കണ്ടെത്തിയതു മുതല്‍ ഈ രോഗത്തിനെതിരായി ആഗോളതലത്തില്‍ പ്രതിരോധവും നടന്നുവരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും എയ്ഡ്‌സ് വ്യാപകമായതിനു പിന്നില്‍ പാശ്ചാത്യ അജണ്ടയുണ്ടെന്നുപോലും സംശയിക്കപ്പെടുന്നുണ്ട്. ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്- എയ്ഡ്‌സ് എന്നും ലോകത്തിന്റെ ഭീതി തന്നെ.
എയ്ഡ്‌സിനെ സംബന്ധിച്ചിടത്തോളം ഒരാശ്വാസമുണ്ട്; പ്രതിരോധം ഏറ്റവും ഫലപ്രദമായി നടത്താവുന്ന പകര്‍ച്ചവ്യാധിയാണത്. എച്ച്‌ഐവി ബാധ ഉണ്ടാവാതെ നോക്കാന്‍ താരതമ്യേന എളുപ്പവുമാണ്. സംശുദ്ധമായ കുടുംബജീവിതം നയിക്കുന്നവര്‍ക്ക് എയ്ഡ്‌സ് പിടിപെടാന്‍ സാധ്യത കമ്മിയാണ്. വിവാഹേതര ലൈംഗിക വേഴ്ച ഒഴിവാക്കുകയും സദാചാരബോധത്തോടെ ജീവിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ വഴി. എയ്ഡ്‌സ് വൈറസ് ബാധിതമായ രക്തം, ശുക്ലം, വൃക്ക എന്നിവ സ്വീകരിക്കാതിരിക്കുക, ഒരിക്കല്‍ കുത്തിവയ്പിന് ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കാതിരിക്കുക തുടങ്ങിയവ എയ്ഡ്‌സ് തടയുന്നതിനുള്ള മാര്‍ഗങ്ങളില്‍ പെടുന്നു.
എയ്ഡ്‌സ് രോഗികളോടുള്ള സമൂഹത്തിന്റെ സമീപനം ഒട്ടും ആരോഗ്യകരമല്ലെന്നു കൂടി പറയണം. പലതരം മുന്‍വിധികളോടെയാണ് സമൂഹം എയ്ഡ്‌സ് രോഗികളെ സമീപിക്കുന്നത്. അത് അവരെ മാനസികസമ്മര്‍ദ്ദത്തിലകപ്പെടുത്തുകയും അവരുടെ ജീവിതം തകര്‍ത്തുകളയുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it