Gulf

ലോക അത്‌ലറ്റിക്: ആരോപണത്തില്‍ കഴമ്പില്ലെന്ന് ഖത്തര്‍

ദോഹ: 2019ലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ആതിഥേയത്വം ലഭിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഖത്തര്‍. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ദഹ്‌ലാന്‍ ജുമാന്‍ അല്‍ഹമദ് വ്യക്തമാക്കി. ഐഎഎഎഫ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോയോടൊപ്പം ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക അത്‌ലറ്റിക് ബിഡിന്റെ കാര്യത്തില്‍ ഖത്തറിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. ഖത്തറിനെതിരായ ആരോപണങ്ങള്‍ വേദനാജനകമാണ്. ഐഎഎഎഫിന് ഒരു എത്തിക് കമ്മീഷനുണ്ട്. ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് നേരത്തെതന്നെ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നതായും ദഹ്‌ലാന്‍ അല്‍ഹമദ് വ്യക്തമാക്കി. ഇതാദ്യമായല്ല ഖത്തര്‍ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നത്. ഖത്തര്‍ 2030 ദേശീയ ദര്‍ശനരേഖയുടെ ഭാഗമായാണ് വമ്പന്‍ ചാംപ്യന്‍ഷിപ്പുകള്‍ക്ക് ആതിഥ്യം വഹിക്കുന്നത്. ഒരു ചാംപ്യന്‍ഷിപ്പ് ലഭിക്കുന്നതിനായി അനര്‍ഹമായി എന്തെങ്കിലും ചെയ്യേണ്ട ആവശ്യം ഖത്തറിനില്ല. ഖത്തറിന്റെ ബിഡിങ് നടപടിക്രമങ്ങള്‍ സുതാര്യവും നീതിപൂര്‍വകവുമായിരുന്നു. ഐഎഎഎഫ് കൗണ്‍സിലിനെ തങ്ങള്‍ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് 2017ലെ ലോകചാംപ്യന്‍ഷിപ്പ് ബിഡ് ഖത്തറിന് ലഭിക്കാതെ പോയപ്പോള്‍ 2019 ചാംപ്യന്‍ഷിപ്പിനായി വീണ്ടും സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണങ്ങള്‍ക്കും തയാറാണ്. എത്തിക്‌സ് കമ്മീഷനിലേക്ക് പോകാന്‍ തങ്ങള്‍ സജ്ജമാണ്- ദഹ്‌ലന്‍ അല്‍ഹമദ് വിശദീകരിച്ചു.
ഖത്തറിന്റെ പിന്തുണയെയും സൗകര്യങ്ങളെയും സെബാസ്റ്റ്യന്‍ കോ പ്രശംസിച്ചു. 2019ലെ ലോകചാംപ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ദോഹ ഡയമണ്ട് ലീഗിന്റെ തയ്യാറെടുപ്പുകള്‍ മനസിലാക്കുന്നതിനുമായാണ് സെബാസ്റ്റ്യന്‍ കോ ദോഹയിലെത്തിയത്. ഐഎഎഎഫ് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ട്രാക്കിന് അകത്തും പുറത്തും വിശ്വാസ്യത വീണ്ടെടുക്കാന്‍ കഠിന പരിശ്രമങ്ങള്‍ വേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Next Story

RELATED STORIES

Share it