ലോക്‌സഭ 2019: സിപിഎം വോട്ട് സര്‍വേ ആരംഭിക്കുന്നു

കെ  പി  ഒ  റഹ്്മത്തുല്ല

മലപ്പുറം: 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സിപിഎം ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ട് സര്‍വേ ആരംഭിക്കുന്നു. എത്ര സീറ്റുകളില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഇത്തവണ മുന്‍തൂക്കം ലഭിക്കും എന്നറിയുന്നതിനു വേണ്ടിയാണ് സര്‍വേ.
ബ്രാഞ്ച് തലം മുതല്‍ ഏരിയാതലം വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പ്രത്യേക ഗ്രൂപ്പുകളാക്കി തിരിച്ച് ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍വേ. ഉറപ്പായും ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍, എങ്ങോട്ടും മറിയാവുന്ന വോട്ടുകള്‍, ശ്രമിച്ചാല്‍ ലഭിക്കാവുന്ന വോട്ടുകള്‍, തീരെ കിട്ടാന്‍ സാധ്യതയില്ലാത്ത വോട്ടുകള്‍ എന്നിങ്ങനെ നാലു കാറ്റഗറിയായി തിരിച്ചാണ് വോട്ടര്‍മാരെ അടയാളപ്പെടുത്തേണ്ടത്. അസംബ്ലി മണ്ഡല അടിസ്ഥാനത്തിലായിരിക്കും സര്‍വേ. സിപിഎം സീറ്റുകളില്‍ മാത്രമല്ല ഘടകകക്ഷികളുടെ സീറ്റുകളിലും സര്‍വേ നടത്തും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്താനും കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങള്‍ക്ക് ഈ സര്‍വേയുടെ അടിസ്ഥാനത്തിലായിരിക്കും രൂപംനല്‍കുക. പാര്‍ട്ടി പ്രവര്‍ത്തകരുടെ സര്‍വേയ്ക്ക് പുറമേ പ്രഫഷനല്‍ ഗ്രൂപ്പിന്റെ സര്‍വേ നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ സിപിഎമ്മിന്റെ കൈവശമുള്ള കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, ചാലക്കുടി, ആറ്റിങ്ങല്‍ എന്നിവയ്ക്കു പുറമെ ഇടുക്കി, തൃശൂര്‍ എന്നീ ഘടകകക്ഷികളുടെ കൈവശമുള്ള മണ്ഡലങ്ങളിലും വിശദമായി സര്‍വേ നടക്കുന്നുണ്ട്. സര്‍വേയിലൂടെ പിടിച്ചെടുക്കാനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുമായ മണ്ഡലങ്ങളും അടയാളപ്പെടുത്തും.
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായതിനാലാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരത്തെ ആരംഭിക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചത്. സര്‍വേയ്ക്ക് ആവശ്യമായ പരിശീലനം പ്രവര്‍ത്തകര്‍ക്ക്ജില്ലാതലത്തില്‍ മെയ് മാസത്തില്‍ നല്‍കും.
ജൂലൈ മാസത്തിലാണ് സര്‍വേ ആരംഭിക്കുക. ഒരു മാസംകൊണ്ട് പൂര്‍ത്തിയാക്കി സപ്തംബറില്‍ സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റികള്‍ സര്‍വേ ഫലങ്ങള്‍ നല്‍കണം.
ബ്രാഞ്ച് തലത്തില്‍ ആരംഭിക്കുന്ന സര്‍വേ ഫലം ഏരിയ കമ്മിറ്റികള്‍ വിശകലനം ചെയ്ത് ജില്ലാ കമ്മിറ്റികള്‍ക്ക് കൈമാറുകയാണ് വേണ്ടത്. വോട്ടര്‍മാരുടെ രാഷ്ട്രീയം, മതം എന്നിവയെല്ലാം പ്രത്യേകം സര്‍വേയിലൂടെ അടയാളപ്പെടുത്തും. ഇത്ര നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളും സര്‍വേയുമായി പാര്‍ട്ടി രംഗത്തിറങ്ങുന്നത് ഇതാദ്യമായാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തില്‍ കൂടി തിരിച്ചടി നേരിടുന്നത് പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാവും.
Next Story

RELATED STORIES

Share it