ലോക്‌സഭ ആധാര്‍ ബില്ല് പാസാക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ ആധാര്‍ ബില്ല് ലോക്‌സഭ പാസാക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വ്യത്യസ്ത സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളില്‍ നേരിട്ട് എത്തിച്ചു കൊടുക്കാനാണ് ആധാര്‍ ഉപയോഗപ്പെടുത്തുകയെന്ന് ബില്ലവതരിപ്പിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഭയില്‍ പറഞ്ഞു. കാര്‍ഡിലൂടെ ശേഖരിക്കുന്ന പൗരന്മാരുടെ വിവരങ്ങള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ബില്ല് ധൃതി പിടിച്ച് പാസാക്കരുതെന്നും സൂക്ഷ്മ വിലയിരുത്തലിനായി പാര്‍ലമെന്റ് സ്റ്റാ ന്‍ഡിങ് കമ്മിറ്റിക്ക് ബില്ല് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം നിരസിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇതിന്മേല്‍ ചര്‍ച്ച നടക്കുകയാണെന്നും ഇനിയും ഇത് നീട്ടിക്കൊണ്ട് പോകാനാവില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. യുപിഎ സര്‍ക്കാരാണ് 2010ല്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ആദ്യമായി പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചത്. എന്നാല്‍, പ്രസ്തുത ബില്ല് പിന്നീട് പിന്‍വലിക്കുകയായിരുന്നു. ആധാറുമായി ബന്ധപ്പെട്ട് നേരത്തെ അവതരിപ്പിച്ച ബില്ല് ധനബില്ല് അല്ലായിരുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പുതിയ ആധാര്‍ ബില്ല് നേരത്തെ യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ നിന്നു വ്യത്യസ്തമാണെന്നായിരുന്നു ഇതിന് ജെയ്റ്റ്‌ലിയുടെ മറുപടി. വിവിധതരം സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയാണ് ഇപ്പോഴത്തെ ബില്ലിന്റെ കേന്ദ്രബിന്ദു എന്നും അല്ലാതെ വെറും വിവരശേഖരണമല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ഇപ്പോഴത്തെ ആധാര്‍ ബില്ല് ധനബില്ലായി അവതരിപ്പിച്ചത് സര്‍ക്കാരിന് മേല്‍ക്കൈയില്ലാത്ത രാജ്യസഭയില്‍ ബില്ലിന് എതിര്‍പ്പ് നേരിടുമെന്ന ഭയം കാരണമാണെന്ന് സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യസഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിലും ധനബില്ലുകള്‍ നിയമമാക്കാന്‍ സര്‍ക്കാരിന് സാധിക്കും.
ഇന്ത്യയിലെ 97 ശതമാനം മുതിര്‍ന്നവര്‍ക്കും നിലവില്‍ ആധാര്‍ കാര്‍ഡുണ്ടെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. നിലവിലെ ബില്ല് നിയമമാവുന്നതോടെ വ്യത്യസ്ത സാമ്പത്തിക ആനുകൂല്യങ്ങളും സബ്‌സിഡികളും ഉപഭോക്താവിന് നേരിട്ടെത്തിക്കാന്‍ ആധാര്‍ കാര്‍ഡ് വ്യാപകമായി ഉപയോഗിക്കപ്പെടും.
കൂടാതെ ദേശസുരക്ഷയുമായി ബന്ധപ്പെട്ടതെന്ന് അധികാരികള്‍ക്ക് തോന്നുന്ന സംഭവങ്ങളി ല്‍ കേന്ദ്ര സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആധാര്‍ കാര്‍ഡുടമയുടെ ചിത്രം, വിലാസം, വിരലടയാളമടക്കമുള്ള ബയോമെട്രിക് വിശദാംശങ്ങള്‍ എന്നിവ ആധാര്‍ അതോറിറ്റിയോട് ആവശ്യപ്പെടാം. കൂടാതെ കോടതികള്‍ ഇത്തരം വിവരങ്ങള്‍ ഒരു മൂന്നാം കക്ഷിക്ക് കൈമാറാന്‍ ഉത്തരവിട്ടാലും ഇവ പങ്ക്‌വയ്ക്കപ്പെടും.
Next Story

RELATED STORIES

Share it