ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പ്: ഒരുമിച്ചാക്കാം; നിയമമന്ത്രാലയത്തിന് കമ്മീഷന്റെ കത്ത് 

കെ എ സലിം

ന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയെന്ന ആശയത്തോട് യോജിപ്പാണെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് ആദ്യവാരത്തില്‍ നിയമമന്ത്രാലയത്തിന് എഴുതിയ കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ആദ്യമായാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍ സന്നദ്ധത അറിയിക്കുന്നത്.
ഈ ആശയം പ്രായോഗികമല്ലാത്ത ഒന്നാണെന്നാണ് തങ്ങള്‍ ഇത്രയും കാലം കരുതിയിരുന്നതെന്നു രണ്ടു പേജുള്ള കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ സമവായം ഉണ്ടാവുകയാണെങ്കില്‍ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്ന കാര്യം പരിഗണിക്കാവുന്നതേയുള്ളൂവെന്നും കമ്മീഷന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ട 79ാമത് പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപോര്‍ട്ടിനോട് നിയമമന്ത്രാലയം ആവശ്യപ്പെട്ട പ്രതികരണത്തിനാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ ഒരേ ഘട്ടമായി നടത്തണമെന്ന നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി സമീപകാലത്തു മുന്നോട്ടുവച്ചിരുന്നു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുകയെന്നതും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമാണ്.
ആശയത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ തിരഞ്ഞെടുപ്പു നടത്തുമ്പോഴുണ്ടാവുന്ന സാമ്പത്തികവും നടത്തിപ്പുപരവുമായ പ്രയാസങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആദ്യമായി ഇതിനു സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ചില സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി കുറയ്‌ക്കേണ്ടിയും ചിലതിന്റെ കാലാവധി നീട്ടേണ്ടിയും വരും. എങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പ് സമയക്രമം നിശ്ചയിക്കാനാവൂ. കൂടാതെ കൂടുതല്‍ വോട്ടിങ് മെഷീനുകളും അനുബന്ധ മെഷീനുകളും വേണം. ഇതിനായി 9,284.15 കോടിയെങ്കിലും വേണ്ടി വരുമെന്നാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഈ മെഷീനുകളുടെ ആയുസ്സ് 15 വര്‍ഷമാണ്. ഇത്രയും മെഷീനുകള്‍ അപ്പോള്‍ പുതുക്കിവാങ്ങാന്‍ പിന്നെയും തുക ചെലവാകും.
തിരഞ്ഞെടുപ്പില്‍ വിന്യസിക്കുന്നതിനു കൂടുതല്‍ കേന്ദ്രസേനയും ആവശ്യമായി വരും. ഇതിനു പുറമെ ധാരാളം ഡ്യൂട്ടി ഉദ്യോഗസ്ഥരെയും ആവശ്യമാണ്. രാജ്യത്തു മൊത്തം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നാല്‍ ഭരണസ്തംഭനത്തിനു സമാനമായ സാഹചര്യമായിരിക്കും ഉണ്ടാവുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it