Flash News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പടയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ മഹാ റാലി. രാംലീല മൈതാനത്തു നടന്ന ജന്‍ ആക്രോശ് റാലിയില്‍ അരലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ഡല്‍ഹിയില്‍ നടത്തിയ ആദ്യ മഹാ റാലിയില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ ഉദ്ഘാടന പ്രസംഗം. ദലിത് പീഡനം, പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം, ഇന്ധന വിലവര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ ജനരോഷം പ്രയോജനപ്പെടുത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.
ജന്‍ ആക്രോശ് റാലി കഴിഞ്ഞതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി. പിസിസി മുതല്‍ ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തകരെ സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അരലക്ഷത്തോളം പേരാണ്  റാലിയില്‍ അണിനിരന്നത്. കേരളത്തില്‍ നിന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് എം എം ഹസന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.
റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് ബാര്‍കോഡ് രേഖപ്പെടുത്തിയ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി 40,000ലധികം കാര്‍ഡുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്തിരുന്നത്. ഓരോ പ്രദേശത്തു നിന്നും എത്ര പേര്‍ റാലിയില്‍ പങ്കെടുത്തുവെന്ന കണക്ക് ലഭിക്കുന്നതിനും ഓരോ പ്രാദേശിക നേതാക്കളും എത്ര പേരെ റാലിക്ക് എത്തിച്ചുവെന്ന കണക്കെടുക്കാനുമാണ് ബാര്‍കോഡ് സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി.
ഇത്തരമൊരു സംവിധാനം ഒരു രാഷ്ട്രീയപ്പാര്‍ട്ടി നടപ്പാക്കുന്നത് ആദ്യമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സൂക്ഷിക്കാനും മറ്റും ഇത് ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it