ലോക്‌സഭയില്‍ സിപിഎമ്മിന്റെയും ആര്‍എസ്പിയുടെയും അവിശ്വാസപ്രമേയ നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയവുമായി കൂടുതല്‍ കക്ഷികള്‍. നേരത്തേ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായിരുന്ന തെലുഗുദേശം പാര്‍ട്ടിയും (ടിഡിപി) ആന്ധ്രപ്രദേശില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ സിപിഎമ്മും ആര്‍എസ്പിയും മുസ്‌ലിംലീഗും ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.
സിപിഎമ്മിന് വേണ്ടി പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷിനേതാവ് പി കരുണാകരന്‍ എംപിയും ആര്‍എസ്പിക്ക് വേണ്ടി എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും ലീഗിനു വേണ്ടി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് നോട്ടീസ് നല്‍കിയത്.
മന്ത്രിസഭയ്‌ക്കെതിരേ ഏകവാചക പ്രമേയ നോട്ടീസാണ് പ്രേമചന്ദ്രന്‍ നല്‍കിയത്.  നോട്ടീസ് ഇന്നു പരിഗണിക്കണമെന്ന് നേതാക്കള്‍ ലോക്‌സഭാ സെക്രട്ടറി ജനറലിന് കൈമാറിയ കത്തില്‍ പറയുന്നു. കോണ്‍ഗ്രസ്സിന് വേണ്ടി സഭയിലെ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നോട്ടീസ് നല്‍കിയിരുന്നത്.
കാവേരി നദീജല തര്‍ക്കവിഷയം ഉന്നയിച്ച് എഐഎഡിഎംകെ നടത്തുന്ന പ്രതിഷേധത്തെ തുടര്‍ന്ന് സഭാനടപടികള്‍ ക്രമത്തിലല്ലെന്ന് ആരോപിച്ച് അവിശ്വാസ പ്രമേയങ്ങള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇതുവരെ സഭയില്‍ സ്വീകരിച്ചത്. പ്രമേയത്തെ പിന്തുണയ്ക്കുന്ന 50 അംഗങ്ങള്‍ അവരവരുടെ സീറ്റുകളിലുണ്ടെന്ന് തനിക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കണമെന്നും ബഹളം മൂലം അതിന് സാധിക്കുന്നില്ലെന്നുമാണ് സ്പീക്കറുടെ വാദം.
Next Story

RELATED STORIES

Share it