ലോക്‌നാഥ് ബെഹ്‌റ സുപ്രധാന കേസുകള്‍ അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: പോലിസ് സേനയില്‍ സര്‍ക്കാര്‍ അഴിച്ചുപണി നടത്തിയപ്പോള്‍ ഡിജിപിയായി നിയമനം ലഭിച്ച ലോക്‌നാഥ് ബെഹ്‌റയുടെ സര്‍വീസ് ജീവിതം സാഹസികത നിറഞ്ഞത്. ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് മുതല്‍ പുരുലിയ ആയുധ ഇടപാട് ഉള്‍പ്പെടെ ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട നിരവധി സുപ്രധാന കേസുകളുടെ അന്വേഷണച്ചുമതല ഏറ്റെടുത്തപ്പോള്‍ ലോക്‌നാഥ് ബെഹ്‌റ വാര്‍ത്തകളില്‍ ഇടംനേടി. മുംബൈ ആക്രമണത്തിനുശേഷം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രൂപീകരിച്ചപ്പോള്‍ ബെഹ്‌റയാണ് ആദ്യ ഓപറേഷന്‍ ഐജിയായി നിയമിതനായത്.
മുംബൈ അക്രമത്തിന്റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ അമേരിക്കയില്‍ ചോദ്യംചെയ്തതും ബെഹ്‌റ തന്നെ. കേരള കാഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായി 1985ലാണ് ലോക്‌നാഥ് ബെഹ്‌റ സര്‍വീസില്‍ പ്രവേശിച്ചത്. ആലപ്പുഴ എഎസ്പിയായി ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മീഷണറായും തുടര്‍ച്ചയായി നാലുവര്‍ഷം കൊച്ചി പോലിസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 10 വര്‍ഷം സിബിഐയില്‍ എസ്പി, ഡിഐജി തസ്തികകള്‍ കൈകാര്യം ചെയ്തു. ഇക്കാലയളവില്‍ നിരവധി സുപ്രധാന കേസുകളുടെ അന്വേഷണച്ചുമതല വഹിച്ചു. 2008ലെ മുംബൈ ആക്രമണത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യില്‍ അംഗമായി. 2002ലും 2009ലും സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.
Next Story

RELATED STORIES

Share it