Flash News

ലോക്‌നാഥ് ബെഹ്‌റ വീണ്ടും പോലിസ് മേധാവി ; സീനിയോറിറ്റിയില്‍ കാര്യമില്ലെന്ന് ജേക്കബ് തോമസ്



തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയായ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നിയമനം. ജൂണ്‍ 27നാണ് കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്. നിലവിലെ ഡിജിപി ടി പി സെന്‍കുമാര്‍ നാളെ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ലോക്‌നാഥ് ബെഹ്‌റ ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറാണ്. രണ്ടാംതവണയാണ് ബെഹ്‌റ പോലിസ് മേധാവിയാവുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ സെന്‍കുമാറിനെ മാറ്റി ബെഹ്‌റയെ ഡിജിപിയാക്കുകയായിരുന്നു. പിന്നീട് സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഡിജിപിയായി സെന്‍കുമാര്‍ തിരികെ വന്നപ്പോഴാണ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കിയത്. ഈ സ്ഥാനത്തുണ്ടായിരുന്ന ജേക്കബ് തോമസിനെ നിര്‍ബന്ധിത അവധിയില്‍ പറഞ്ഞുവിട്ടാണ് ബെഹ്‌റയെ നിയമിച്ചത്. അവധി കഴിഞ്ഞു തിരികെയെത്തിയ ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറുടെ ചുമതലയും നല്‍കി. അതേസമയം, സീനിയോറിറ്റി മറികടന്നുള്ള ബെഹ്‌റയുടെ നിയമനത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജേക്കബ് തോമസാണ് സെന്‍കുമാര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍. എന്നാല്‍, പരീക്ഷയില്‍ കുറച്ച് മാര്‍ക്ക് അധികം വാങ്ങി റാങ്ക് ലിസ്റ്റില്‍ മുന്നില്‍ വരുന്നതാണ് സീനിയോറിറ്റിയുടെ അടിസ്ഥാനമെന്നും അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. ഐഎംജി ഡയറക്ടര്‍ എന്നത് മികച്ച സ്ഥാനം തന്നെയാണ്. ഒരുപാട് കാര്യങ്ങള്‍ അതില്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it