ലോക്പാല്‍: റിപോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ല് പരിശോധിക്കുന്ന പാര്‍ലമെന്റെറി സമിതിയുടെ റിപോര്‍ട്ട് ഇന്ന് ഇരുസഭകളിലും സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ ഇ എം സുദര്‍ശന നാച്ചിയപ്പന്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ എല്ലാ അഴിമതിക്കേസുകളും അന്വേഷിക്കാനുള്ള ഏകജാലക സംവിധാനമായിരിക്കണം ലോക്പാല്‍ എന്ന് റിപോര്‍ട്ടിലുണ്ടെന്നാണു സൂചന. അഴിമതിക്കേസുകള്‍ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന ഇപ്പോഴത്തെ രീതി ഇതോടെ അവസാനിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ല് ഡിസംബര്‍ 22നാണ് സമിതിക്കു കൈമാറിയത്. ഈ വര്‍ഷം മാര്‍ച്ച് 25നകം റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
റിപോര്‍ട്ട് സമര്‍പ്പിക്കാനുളള കാലാവധി മൂന്നു തവണ കമ്മിറ്റിക്കു നീട്ടിക്കൊടുത്തു. അവസാനം അനുവദിച്ച കാലാവധി തീരുന്നത് ഈ മാസം പത്തിനാണ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ അഴിമതി അന്വേഷണത്തിന് ലോക്പാലും സംസ്ഥാന ജീവനക്കാര്‍ക്കെതിരേയുള്ള കേസുകള്‍ ലോകായുക്തയും രൂപീകരിക്കണമെന്നാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ലോക്പാല്‍ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് പ്രധാനമന്ത്രി അധ്യക്ഷനും ലോക്‌സഭ സ്പീക്കര്‍, പ്രതിപക്ഷനേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, അല്ലെങ്കില്‍ സുപ്രിംകോടതി നാമനിര്‍ദേശം ചെയ്യുന്ന ഒരു ജഡ്ജി, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന ഒരു നിയമജ്ഞന്‍ എന്നിവര്‍ അംഗങ്ങളടങ്ങിയ സമിതിയായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജരാക്കുന്ന രേഖകളും വിവരങ്ങളും മറ്റു നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമാവണമെന്നും സമിതി ശുപാര്‍ശ ചെയ്യും.
2013ലെ ലോക്പാല്‍- ലോകായുക്ത നിയമത്തില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എല്ലാ വര്‍ഷവും മാര്‍ച്ച് 31നുള്ള അവരുടെയും കുടുംബത്തിന്റെയും ആസ്തികളും ബാധ്യതകളും ജൂലൈ 31നകം സമര്‍പ്പിക്കണമെന്നാണു ചട്ടം. എന്നാല്‍, 2014-15 വര്‍ഷങ്ങളില്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ 15നുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവു നല്‍കിയിരുന്നു. കൈവശമുളള പണം, ബാങ്ക് ഡെപ്പോസിറ്റ്, ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട് വായ്പകള്‍ തുടങ്ങിയ എല്ലാ വിവരവും ജീവനക്കാര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it