ലോക്പാല്‍ യോഗം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്പാല്‍ യോഗം ബഹിഷ്‌കരിച്ചു.  പ്രത്യേക ക്ഷണിതാവ് എന്നു വിശേഷിപ്പിച്ചാണ് ഖാര്‍ഗെയെ സര്‍ക്കാര്‍ യോഗത്തിലേക്കു വിളിച്ചത്. പ്രതിപക്ഷശബ്ദം ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും അതിനാല്‍ യോഗം ബഹിഷ്‌കരിക്കുകയാണെന്നും അറിയിച്ച് ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.
രാജ്യത്തെ പ്രധാനമന്ത്രിയില്‍ നിന്ന് അല്‍പം കൂടി മാന്യത പ്രതീക്ഷിക്കുന്നുവെന്ന് രൂക്ഷമായി പ്രതികരിച്ച ഖാര്‍ഗെ, പ്രതിപക്ഷനേതാവിനെ പ്രത്യേക ക്ഷണിതാവായി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി. തികച്ചും രാഷ്ട്രീയലക്ഷ്യമാണ് പ്രത്യേക ക്ഷണിതാവ് എന്നു വിശേഷിപ്പിച്ചതിന് പിന്നില്‍.
അഴിമതിക്കെതിരേ ഫലപ്രദമായി ശബ്ദിക്കാന്‍ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കുന്ന ലോക്പാല്‍ രൂപീകരണ പ്രക്രിയയില്‍ നിന്ന് പ്രതിപക്ഷത്തെ മാറ്റിനിര്‍ത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രത്യേക ക്ഷണിതാവ് എന്ന നിലയില്‍ പങ്കെടുത്താല്‍ ലോക്പാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ അധികാരമുണ്ടാകില്ലെന്നും ഈ സാഹചര്യത്തിലാണ് യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങളും വിശദീകരിച്ചു.
പ്രധാനമന്ത്രിയാണ് ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍. ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്ന മറ്റൊരു ജഡ്ജി, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രമുഖ അഭിഭാഷകന്‍ എന്നിവരാണ് ലോക്പാല്‍ തിരഞ്ഞെടുപ്പു കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
കീഴ്‌വഴക്കമനുസരിച്ച് മൊത്തം ലോക്‌സഭാംഗങ്ങളുടെ പത്തിലൊന്ന് അംഗത്വമുണ്ടെങ്കില്‍ മാത്രമേ ഔദ്യോഗികമായി പ്രതിപക്ഷനേതാവ് എന്ന പദവി ലഭിക്കൂ. ഇതുപ്രകാരം 54 അംഗങ്ങള്‍ വേണം. കോണ്‍ഗ്രസ്സിന് 48 അംഗങ്ങള്‍ മാത്രമേയുള്ളൂ.
ഈ സാഹചര്യത്തിലാണ് 'പ്രത്യേക ക്ഷണിതാവ്' ആയി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിളിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
Next Story

RELATED STORIES

Share it