ലോക്പാല്‍: എട്ടംഗ സെര്‍ച്ച് കമ്മിറ്റിക്ക് രൂപംനല്‍കി

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട എട്ടംഗ സെര്‍ച്ച് കമ്മിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. സുപ്രിംകോടതി മുന്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ആണ് കമ്മിറ്റിയുടെ അധ്യക്ഷ.
എസ്ബിഐ മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യ, പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണ്‍ എ സൂര്യപ്രകാശ്, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ എസ് കിരണ്‍കുമാര്‍, അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സാഖാ റാംസിങ് യാദവ്, ഗുജറാത്ത് മുന്‍ പോലിസ് മേധാവി ഷബീര്‍ ഹുസയ്ന്‍ എസ് ഖന്‍ഡ്വാവാല, രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ലളിത് കെ പന്‍വാര്‍, മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ എന്നിവരും സമിതി അംഗങ്ങളായിരിക്കുമെന്ന് ഉദ്യോഗസ്ഥകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ലോക്പാല്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരെ ശുപാര്‍ശ ചെയ്യുന്നതിനാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്.
ലോക്പാല്‍ നിയമനം പൂര്‍ത്തിയാക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ പെട്ടെന്നു തന്നെ ലോക്പാല്‍ നിയമനം പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്് വിലയിരുത്തപ്പെടുന്നു.
ലോക്പാല്‍ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സെര്‍ച്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനമുണ്ടാവുകയെന്ന് ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
സെര്‍ച്ച് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി യോഗങ്ങള്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ തുടര്‍ച്ചയായി ബഹിഷ്‌കരിച്ചിരുന്നു. സമിതിയിലെ കുറഞ്ഞ അധികാരം മാത്രമുള്ള അംഗമായിരുന്ന ഖാര്‍ഗേ പൂര്‍ണ അംഗത്വം ആവശ്യപ്പെട്ടാണ് യോഗങ്ങള്‍ ബഹിഷ്‌കരിച്ചത്. ലോക്പാല്‍ നിയമം നിലവില്‍വന്ന് നാലുവര്‍ഷത്തിന് ശേഷമാണ് ലോക്പാല്‍ നിയമനത്തിനായുള്ള നടപടി കേന്ദ്രസര്‍ക്കാരില്‍നിന്നുണ്ടാവുന്നത്.
പ്രധാനമന്ത്രിയാണ് ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍. ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ചീഫ് ജസ്റ്റിസ് നാമനിര്‍ദേശം ചെയ്യുന്ന സുപ്രിംകോടതി ജഡ്ജി, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന വ്യക്തി എന്നിവരാണ് ലോക്പാല്‍ നിമയപ്രകാരം സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങളാവേണ്ടത്്. എന്നാല്‍ പ്രതിപക്ഷ നേതാവില്ലാത്തതിനാല്‍ നിയമത്തില്‍ ഭേദഗതി വരുത്തി ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ സെലക്ഷന്‍ കമ്മിറ്റിയില്‍ പൂര്‍ണ അംഗമായി ഉള്‍പ്പെടുത്താന്‍ ഖാര്‍ഗേ ആവശ്യപ്പെട്ടിരുന്നു.



Next Story

RELATED STORIES

Share it