ലോക്പാല്‍ ആര്‍ക്കും വേണ്ടാതായെന്ന് സ്വാമി അഗ്നിവേശ്

കൊച്ചി: ലോക്പാലിനെ നരേന്ദ്രമോദിക്കും അരവിന്ദ് കെജ്‌രിവാളിനും അണ്ണാ ഹസാരെയ്ക്കും വേണ്ടാതായെന്ന് സ്വാമി അഗ്നിവേശ്. വിഷരഹിത ഭക്ഷണവും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ നേച്ചര്‍ ലൈഫ് ഇന്റര്‍നാഷനല്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സത്യഗ്രഹ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി ഇല്ലാതാക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. അഴിമതി ഇല്ലാതായാല്‍ തിരഞ്ഞെടുപ്പ് പോലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് മരുന്നു മാഫിയ ജനങ്ങളെ കൊള്ളയടിക്കുന്നത്. മരുന്നു കമ്പനികളില്‍ നിന്ന് കമ്മീഷന്‍ വാങ്ങി ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന വന്‍വിലയുള്ള മരുന്നുകള്‍ വാങ്ങിക്കഴിക്കാന്‍ രോഗികള്‍ വിധിക്കപ്പെട്ടിരിക്കുകയാണ്.
വലിയൊരു ജനക്കൂട്ടം കൂടെയില്ലെങ്കില്‍ ഒരു പ്രശ്‌നവും ഏറ്റെടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാവില്ല. ഏതു വിഷയത്തിലും അവര്‍ വോട്ട് ബാങ്കിനെയാണ് കാണുന്നത്. കീടനാശിനി നിരോധനത്തിന് വേണ്ടി പതിനായിരക്കണക്കിനാളുകളെ രംഗത്തിറക്കാന്‍ കഴിഞ്ഞാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിങ്ങളുടെ പിന്നാലെ ക്യൂനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജേക്കബ് വടക്കാഞ്ചേരി, അഡ്വ. ഡി ബി ബിനു, വയനാട്ടില്‍ മദ്യവിരുദ്ധ സമരം നയിക്കുന്ന ആദിവാസി വനിതകളായ വെള്ള, മാക്കം സംസാരിച്ചു.
Next Story

RELATED STORIES

Share it