Flash News

ലോക്കറുകളിലെ സ്വര്‍ണം: ബാങ്കുകള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ആര്‍ബിഐ

ലോക്കറുകളിലെ സ്വര്‍ണം: ബാങ്കുകള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ആര്‍ബിഐ
X




സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സുരക്ഷാ ലോക്കറുകളില്‍ സൂക്ഷിച്ച പണമോ സ്വര്‍ണമോ രേഖകളോ അടക്കമുള്ള വസ്തുക്കള്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന് റിസര്‍വ് ബാങ്ക്. ലോക്കറുകളില്‍ സൂക്ഷിക്കുന്ന സ്വര്‍ണത്തിന് ബാങ്കുകള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും പൂര്‍ണ ഉത്തരവാദിത്തം ഉപഭോക്താക്കള്‍ക്കായിരിക്കുമെന്നും വിവരാവകാശ അപേക്ഷയ്ക്കു നല്‍കിയ മറുപടിയില്‍ റിസര്‍വ് ബാങ്ക് അറിയിച്ചു. രാജ്യത്തെ 19 പൊതുമേഖലാ ബാങ്കുകള്‍ക്കാണ് ലോക്കറില്‍ സൂക്ഷിച്ച വസ്തുക്കളില്‍ ഉത്തരവാദിത്തമില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്. ബാങ്കുകളുടെ ഈ നിലപാടിനെതിരേ കോംപറ്റീഷന്‍ കമ്മീഷ(സിസിഐ)നെ സമീപിക്കുമെന്ന് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ച അഭിഭാഷകന്‍ അറിയിച്ചു. ലോക്കര്‍ സേവനങ്ങളില്‍ ബാങ്കുകള്‍ ഒരുമിച്ച് നിരുത്തരവാദ നിലപാട് സ്വീകരിക്കുകയാണെന്നും ഇത് മല്‍സരാധിഷ്ഠിതമല്ലാത്ത നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്കറുകളില്‍ സൂക്ഷിക്കുന്ന പണമോ മറ്റു വസ്തുക്കളോ നഷ്ടപ്പെട്ടാല്‍ ഉപഭോക്താക്കളുടെ നഷ്ടം എങ്ങനെ നികത്താം എന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എസ്ബിഐ, ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, പഞ്ചാബ് നാഷനല്‍ ബാങ്ക്, യൂകോ ബാങ്ക്, കനറാ ബാങ്ക് അടക്കം 19 ബാങ്കുകള്‍ ഏകകണ്ഠമായാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും രേഖ വ്യക്തമാക്കുന്നു. ചില ബാങ്കുകള്‍ ലോക്കര്‍ അനുവദിക്കുമ്പോള്‍ ഈ വിവരം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന കരാര്‍ രേഖയില്‍ അറിയിക്കാറുണ്ട്. ലോക്കറില്‍ വയ്ക്കുന്ന വസ്തുക്കള്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷ നല്‍കാന്‍ ചില ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയും ഇത്തരത്തില്‍ ലോക്കറുകളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നുണ്ട്.
Next Story

RELATED STORIES

Share it