World

ലോകവ്യാപകമായി പ്രതിഷേധദിനാചരണം

ജറുസലേം: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പരിഗണിക്കുന്ന യുഎസ് നിലപാടിനെതിരേ ലോകത്താകമാനം നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ ആയിരക്കണക്കിനു പേര്‍ പങ്കാളികളായി. മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ യുഎസ് എംബസി മാര്‍ച്ചില്‍ 5,000ലധികം പേര്‍ പങ്കെടുത്തു. മലേസ്യന്‍ കായികമന്ത്രിയും ഭരണകക്ഷി യുനൈറ്റഡ് മലായ്‌സ് നാഷനല്‍ ഓര്‍ഗനൈസേഷന്റെ യുവജനവിഭാഗം നേതാവുമായ ഖയ്‌രി ജമാലുദ്ദീന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഇന്തോനീസ്യയില്‍ ജക്കാര്‍ത്തയിലെ യുഎസ് എംബസിക്കു സമീപമായിരുന്നു പ്രതിഷേധ പ്രകടനം. ഫലസ്തീന്‍ പതാകകളേന്തിയാണ് വെള്ളിയാഴ്ച നമസ്‌കാരത്തിനു ശേഷം പ്രതിഷേധക്കാര്‍ എംബസി പരിസരത്തെത്തിയത്. ജറുസലേം ഫലസ്തീന്റെ തലസ്ഥാനമെന്ന് എഴുതിയ ബാനറുകളുമായാണ് യമനി തലസ്ഥാനമായ സന്‍ആയില്‍ ജനങ്ങള്‍ ഒത്തുചേര്‍ന്നത്. ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ പ്രക്ഷോഭകര്‍ യുഎസ്, ഇസ്രായേല്‍ പതാകകള്‍ കത്തിച്ചു. ഇറാനില്‍ തെഹ്‌റാനടക്കമുള്ള നഗരങ്ങളില്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പ്രകടനത്തില്‍ 1000ലധികം പേര്‍ പങ്കെടുത്തു. ഹെരാത്തില്‍ 2500 പേരും കുന്ദൂസില്‍ 500 പേരും പ്രകടനങ്ങളില്‍ പങ്കാളികളായി. കാബൂളില്‍ യുഎസ് എംബസിക്കുനേരെ പാഞ്ഞടുത്ത പ്രക്ഷോഭകരെ സൈന്യം തടഞ്ഞു. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസ്, ലബ്‌നാനിലെ അതിര്‍ത്തിപട്ടണമായ സിദോന്‍, ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍, ഇറാഖിലെ ബസ്ര, ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോ, സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷു, തുണീസ്യന്‍ തലസ്ഥാനമായ തുണിസ് എന്നിവിടങ്ങളിലും തുര്‍ക്കിയിലെ ആങ്കറ, ഇസ്താംബുള്‍ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
Next Story

RELATED STORIES

Share it