malappuram local

ലോകബാങ്ക് സംഘം ജില്ലയില്‍ പരിശോധന പൂര്‍ത്തിയാക്കി

മലപ്പുറം: പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ ലോകബാങ്കിന്റെയും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെയും സംഘം വിവിധയിടങ്ങളില്‍ പരിശോധന നടത്തി. നാല് സംഘങ്ങളായാണ് ജില്ലയിലെ പരിശോധന പൂര്‍ത്തിയാക്കിയത്. കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ ഉരുള്‍പൊട്ടല്‍ ബാധിത മേഖലകളോടൊപ്പം കൃഷിനാശം, വളര്‍ത്തു മൃഗങ്ങള്‍, ടൂറിസം, വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം, ജലസേചനം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട നഷ്ടങ്ങളുടെ കണക്കാണ് സംഘം വിലയിരുത്തിയത്. പ്രളയത്തില്‍ തകര്‍ന്ന പാലങ്ങളുടെയും റോഡുകളുടെയും നാശനഷ്ടങ്ങള്‍ മുന്‍ ഹിമാചല്‍ പ്രദേശ് ചീഫ് എന്‍ജിനീയറും ലോകബാങ്ക് ഹൈവേ കണ്‍സള്‍ട്ടന്റുമായ സതീഷ് സാഗര്‍ ശര്‍മയുടെ നേതൃത്വത്തില്‍ വിലയിരുത്തി. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകള്‍ പാലങ്ങള്‍ എന്നിവയുടെ ചുമതലയുള്ള ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ്, മലപ്പുറം ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ചന്ദ്രന്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.
അരീക്കോട് തകര്‍ന്ന മൂര്‍ക്കനാട് സ്‌കൂള്‍കടവ് പാലമാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്. തകര്‍ന്ന സ്റ്റീല്‍ പാലത്തിന് പകരമായി ചെറു വാഹനങ്ങള്‍ക്ക് കടന്നു പോകാവുന്ന രീതിയില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കാനാണ് പദ്ധതി. സുബുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂര്‍ക്കനാട് ഗവ. യുപി സ്‌കൂള്‍, അരീക്കോട് ഗവ. യുപി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യംകൂടി കണക്കിലെടുത്താണ് പുതിയ പാലം നിര്‍മിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലായിരിക്കും പുതിയ പാലത്തിന്റെ നിര്‍മാണം നടക്കുക. പോങ്ങല്ലൂര്‍ പാലം, വെള്ളപ്പാച്ചിലില്‍ തകര്‍ന്ന അകമ്പാടം പാതാര്‍ റോഡ്, മതിമൂല കോളനി റോഡ്, അഞ്ചുപേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചെട്ടിയാന്‍പാറ കോളനിറോഡ്, നിലമ്പൂര്‍ വാളന്തോട് റോഡ്, വെണ്ടേക്കുംപൊയില്‍ കക്കാടംപൊയില്‍ റോഡ് എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ബാങ്ക് പ്രതിനിധികളുമായി നാളെ കോഴിക്കോട് നടക്കുന്ന യോഗത്തില്‍ കണക്കുകള്‍ സംബന്ധിച്ച കൂടുതല്‍ വിശകലനങ്ങള്‍ നടക്കും.
ഇതിനുശേഷമാവും ബാങ്ക് അനുവദിക്കുന്ന തുക സംബന്ധിച്ച് തീരുമാനം എടുക്കുന്നത്. ആര്‍ഡിഒ ഡോ. ജെ ഒ അരുണ്‍, ഡിഎഫ്ഒമാരായ വര്‍ക്കഡ് യോഗേഷ് നീലകണ്ട്, വി സജികുമാര്‍, ജില്ലാ ടൗണ് പ്ലാനിങ് ഓഫിസര്‍ അയിഷ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ചെമ്മല, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ബേബി ജോസഫ്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫിസര്‍ സദാനന്ദന്‍, ജിയോളജിസ്റ്റ് ഇബ്രാഹീം കുഞ്ഞ്, സോയില്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പി പ്രീതി അനുഗമിച്ചു. വിശദമായ റിപോര്‍ട്ട് ഈയാഴ്ച സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും.

Next Story

RELATED STORIES

Share it