Flash News

ലോകബാങ്ക് പട്ടികയില്‍ ഇടംപിടിക്കാന്‍ വമ്പന്‍ പരിഷ്‌കരണങ്ങളുമായി ഇന്ത്യ



മുംബൈ: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയി ല്‍ ആദ്യ 50ല്‍ ഇടംപിടിക്കാന്‍ കടുത്ത പരിഷ്‌കരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വ്യവസായ മേഖലയില്‍ 200 ല്‍ അധികം പരിഷ്‌കരണങ്ങളാണ് വരുംവര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതെന്ന് വാര്‍ത്താ ഏജ ന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ സെക്രട്ടറി രമേഷ് അഭിഷേകിനെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. 122 പരിഷ്‌കരണങ്ങള്‍ കഴിഞ്ഞവര്‍ഷം നടപ്പാക്കിയതായും കഴിഞ്ഞദിവസം പുറത്തുവന്ന ലോകബാങ്കിന്റെ റിപോര്‍ട്ടില്‍ ഇതു പ്രതിഫലിച്ചതായും രമേഷ് അഭിഷേക് പറയുന്നു. ഈ വര്‍ഷം 90 പരിഷ്‌കരണങ്ങള്‍ വ്യവസായ മേഖലയില്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസം ലോകബാങ്ക് പുറത്തുവിട്ട, എളുപ്പത്തില്‍ വ്യവസായം തുടങ്ങാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 100ാം സ്ഥാനത്തെത്തിയിരുന്നു . 130ാം സ്ഥാനത്തുനിന്ന് ഇന്ത്യ വന്‍ കുതിപ്പാണ് നടത്തിയത്. നികുതി, ലൈസന്‍സ്, നിക്ഷേപകരുടെ സംരക്ഷണം, പാപ്പരത്വ നിയമം തുടങ്ങിയവയില്‍ പരിഷ്‌കരണം വരുത്തിയതാണ് ഇന്ത്യയുടെ കുതിപ്പിന് കാരണം. ഇന്ത്യയുടെ കുതിപ്പ് ശ്രദ്ധേയമാണെന്നും ഇപ്പോള്‍ തങ്ങളുടെ ലക്ഷ്യം ഇന്ത്യയെ ആദ്യ 50 ല്‍ എത്തിക്കുക എന്നതാണെന്നും രമേഷ് അഭിഷേക് പറഞ്ഞു. ഇന്ത്യയിലെ വ്യവസായ മേഖലയിലെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അവരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കടുത്ത തൊഴില്‍ നയങ്ങളും മല്‍സരാധിഷ്ഠിതമാക്കി മാറ്റാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടിരുന്നു. 2017 ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന മികവു കാണിച്ച രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യക്കും സ്ഥാനമുണ്ട്. ലോകബാങ്ക് റിപോര്‍ട്ട് പ്രകാരം ഇന്ത്യ മാത്രമാണ് അടിസ്ഥാന മാറ്റങ്ങള്‍ വരുത്തിയ രാജ്യം.
Next Story

RELATED STORIES

Share it