Flash News

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ഇ സി ജി സുദര്‍ശന്‍ അന്തരിച്ചു

വാഷിങ്ടണ്‍: ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞനും മലയാളിയുമായ ഇ സി ജോര്‍ജ് സുദര്‍ശന്‍ (86) അന്തരിച്ചു. യുഎസിലെ ടെക്‌സസില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. സൈദ്ധാന്തിക ഭൗതികത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനായിരുന്നു കോട്ടയം പള്ളം സ്വദേശിയായ എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ എന്ന ഡോ. സുദര്‍ശന്‍. ഒമ്പതു തവണ നൊബേല്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. 1976ല്‍ പത്മഭൂഷണും 2007ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.
ക്വാണ്ടം ഓപ്റ്റിക്‌സിലെ ഗവേഷണങ്ങളിലൂടെയാണ് സുദര്‍ശന്‍ ലോകശ്രദ്ധ നേടിയത്. റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റോബര്‍ട്ട് മാര്‍ഷാക്കുമായി ചേര്‍ന്ന് സുദര്‍ശന്‍ രൂപം നല്‍കിയ 'വി-എ' സിദ്ധാന്തമാണ് ദുര്‍ബല അണുകേന്ദ്ര ബലരഹസ്യത്തിന്റെ താക്കോലായി മാറിയത്. പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്യോണുകളെന്ന സൈദ്ധാന്തിക കണങ്ങളെക്കുറിച്ചും സുദര്‍ശന്‍ പ്രവചനം നടത്തി.
മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഹോമി ഭാഭയോടൊപ്പം പ്രവര്‍ത്തിച്ചു. 1957ലാണ് ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വകലാശാലയിലെത്തിയത്. 1958ല്‍ അവിടെ നിന്നു പിഎച്ച്ഡി നേടി. 1957-59 കാലത്ത് ഹാവഡ് സര്‍വകലാശാലയില്‍ അധ്യാപകനായി. പിന്നീട് വിവിധ സര്‍വകലാശാലകളില്‍ അദ്ദേഹം അധ്യാപന-ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.  സംസ്‌കാരം പിന്നീട്.
Next Story

RELATED STORIES

Share it