Flash News

ലോകത്ത് 6.56 കോടി അഭയാര്‍ഥികള്‍



ന്യൂയോര്‍ക്ക്: ലോകത്താകമാനം സ്വന്തം രാജ്യങ്ങളില്‍നിന്നു കുടിയിറക്കപ്പെട്ടവരോ രാഷ്ട്രീയ അഭയാര്‍ഥികളോ ആയ 6.56 കോടി മനുഷ്യരുള്ളതായി ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി ഏജന്‍സി റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നു ഞെട്ടിക്കുന്ന വര്‍ധനയുണ്ടായതായും റിപോര്‍ട്ട് പറയുന്നു.മാതൃരാജ്യങ്ങളില്‍ നിന്നു കുടിയിറക്കപ്പെട്ടവരുടെ കണക്കില്‍ ഒരുവര്‍ഷംകൊണ്ട് മൂന്നുലക്ഷം പേരുടെ വര്‍ധനയുണ്ടായതായി ഏജന്‍സിയുടെ വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു. 2014നും 2015നും ഇടയിലുണ്ടായ അഭയാര്‍ഥികളുടെ വര്‍ധനയേക്കാള്‍ കുറവാണ് ഇത്. എന്നാലും ഈ കണക്കുകള്‍ ഹൃദയഭേദകമാണെന്നും ഇത് അന്താരാഷ്ട്ര നയതന്ത്രത്തിന്റെ പരാജയമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഐക്യരാ്രഷ്ടസംഘടനയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. ലോകത്ത് സമാധാനമുണ്ടാക്കുക അസാധ്യമാണെന്നു തോന്നുന്നതായും അദ്ദേഹം ആശങ്കപ്പെട്ടു. പഴയ യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല. പുതിയവ ആരംഭിക്കുകയും ചെയ്യുന്നു. ഈ യുദ്ധങ്ങളാണ് അഭയാര്‍ഥികളെ സൃഷ്ടിക്കുന്നത്. അഭയാര്‍ഥികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് യുദ്ധങ്ങള്‍ അവസാനിക്കുന്നില്ലെന്നാണെന്നും ഗ്രാന്‍ഡി വേദയോടെ പറഞ്ഞു. 2016 ല്‍ ദക്ഷിണ സുദാനില്‍ നിന്ന് 3,40,000 പേരാണ് കുടിയിറക്കപ്പെട്ടത്. സിറിയയില്‍ നിന്ന് രണ്ടുലക്ഷം പേര്‍ അഭയാര്‍ഥികളായി. 2016ല്‍ അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ വികസിത രാജ്യങ്ങള്‍ പുനരാലോചന നടത്തണമെന്നും റിപോര്‍ട്ട് നിര്‍ദേശിച്ചു. ലോകത്തിന്റെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കണമോ വേണ്ടയോ എന്നാലോചിക്കുന്നതിനു പകരം ലോകത്ത് സമാധാനമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും യുഎന്‍ ഏജന്‍സി ആവശ്യപ്പെട്ടു. നിലവിലെ യുദ്ധങ്ങള്‍ അവസാനിച്ചാല്‍ മാത്രമേ അഭയാര്‍ഥിപ്രവാഹം തടയാനാകൂവെന്നും റിപോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. അഭയാര്‍ഥികളില്‍ 84 ശതമാനവും ദരിദ്രരാജ്യങ്ങളില്‍നിന്നുള്ളവരാണെന്നും ഗ്രാന്‍ഡി പറഞ്ഞു.
Next Story

RELATED STORIES

Share it