ലോകത്ത് വധശിക്ഷയില്‍ 54 ശതമാനം വര്‍ധനവ്

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ലോകത്താകമാനം 1634 പേര്‍ക്ക് വധശിക്ഷ നല്‍കിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ റിപോര്‍ട്ട്. 25 രാഷ്ട്രങ്ങളിലായി നടത്തിയ പഠനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വധശിക്ഷയില്‍ 54 ശതമാനം വര്‍ധനവുണ്ടായതായി സംഘടന ചൂണ്ടിക്കാട്ടുന്നു. 2014ല്‍ ഇത് 1061 ആയിരുന്നു.
1989 മുതല്‍ ഇത്രയും അധികം പേരെ ഒരു വര്‍ഷം തൂക്കിലേറ്റുന്നത് ഇതാദ്യമായാണ്. ഇതില്‍ 90 ശതമാനം കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടത് പാകിസ്താന്‍, ഇറാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ്. ആംനസ്റ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദേശീയ രഹസ്യം ചോര്‍ത്തിയതിന്റെ പേരില്‍ ഏഷ്യ, പസഫിക് മേഖലകളില്‍ 367 പേരെ തൂക്കിലേറ്റിയതില്‍ 326 കേസുകളും പാകിസ്താനിലായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ പത്തു മടങ്ങ് അധികമാണിത്. പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും വധശിക്ഷയില്‍ 26 ശതമാനം വര്‍ധനവുണ്ടായി. ഇതില്‍ 82 ശതമാനവും ഇറാനിലാണ്. സൗദിയില്‍ 72 ശതമാനം വര്‍ധിച്ച് 158 ആയി. സൗദിയില്‍ ഇത്രയുമധികം പേരെ വധശിക്ഷയ്ക്കു വിധിക്കുന്നത് 1995നു ശേഷം ഇതാദ്യമാണ്.
അമേരിക്കന്‍ രാജ്യങ്ങളില്‍ യുഎസില്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. 1991 മുതല്‍ രാജ്യത്തു നടപ്പാക്കുന്ന വധശിക്ഷകളില്‍ ഏറ്റവും കുറഞ്ഞ അളവാണിത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തിയവരുടെ വധശിക്ഷ രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ ഈ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
2015ല്‍ കോംഗോ, ഫിജി, മഡഗാസ്‌കര്‍, സുറിനാം എന്നീ രാജ്യങ്ങളില്‍ വധശിക്ഷ നിരോധിച്ചിരുന്നു. ഇതോടെ വധശിക്ഷ നിരോധിച്ച രാജ്യങ്ങളുടെ എണ്ണം 102 ആയി.
മംഗോളിയയും ഈ വര്‍ഷത്തോടെ വധശിക്ഷ എടുത്തുകളയാന്‍ തയ്യാറെടുക്കുകയാണ്. മലേസ്യ, ബുര്‍ക്കിന ഫാസോ, ഗിനി, കെനിയ, ദക്ഷിണകൊറിയ, എന്നീ രാജ്യങ്ങളും വധശിക്ഷാനിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. 1977ല്‍ 16 രാജ്യങ്ങളില്‍ മാത്രമേ വധശിക്ഷ നിരോധിച്ചിരുന്നുള്ളൂ.
Next Story

RELATED STORIES

Share it