World

ലോകത്ത് ഓരോ വര്‍ഷവും മരിക്കുന്നത് 10 ലക്ഷം നവജാത ശിശുക്കള്‍

ന്യൂയോര്‍ക്ക് സിറ്റി: ലോകത്ത് ഓരോ വര്‍ഷവും ജനിച്ചയുടന്‍ പത്ത് ലക്ഷം നവജാത ശിശുക്കള്‍ മരിക്കുന്നതായി യുനിസെഫ് റിപോര്‍ട്ട്. വര്‍ഷത്തില്‍ 26 ലക്ഷം നവജാത ശിശുക്കള്‍ ജനിച്ച് ഒരു മാസത്തിനുള്ളില്‍ മരിക്കുന്നതായും യുനിസെഫ്. പാകിസ്താന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്ക്(സിഎആര്‍), അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ ആണ് കൂടുതല്‍ മരണങ്ങള്‍. മാസം തികയാതെ പ്രസവിച്ചും അണുബാധ കാരണവുമാണ്  ശിശുക്കളില്‍ 80 ശതമാനം മരണത്തിന് കീഴടങ്ങുന്നത്.
ഇന്ത്യയില്‍ ഒരുവര്‍ഷം 640000 നവജാത ശിശുക്കള്‍ ജനിച്ച് 28 ദിവസത്തിനുള്ളില്‍ മരണമടയുന്നു. നവജാതശിശു മരണനിരക്കില്‍ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 12ാം സ്ഥാനത്താണ്. രാജ്യത്തെ നവജാത ശിശുമരണ നിരക്ക് ആയിരത്തിന് 25.4 ആണ്.
ലോകത്ത് ഏറ്റവും സുരക്ഷിതമായി പ്രസവം നടക്കുന്നത് ജപ്പാനിലാണ്. ജനനസമയത്തുള്ള നവജാത ശിശുമരണം ആയിരത്തിന് 0.9 ആണ്.ശുദ്ധജല ലഭ്യതയും പരിശീലനം ലഭിച്ച നഴ്‌സുമാരുടെ സാമീപ്യവും ഒരു പരിധിവരെ നവജാത ശിശുക്കളുടെ മരണസംഖ്യ കുറയ്ക്കാന്‍ സാധിക്കുമെന്ന് യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റീറ്റ ഫോര്‍ പറയുന്നു. ദാരിദ്ര്യവും കലാപവും ചികില്‍സാലയങ്ങളുടെ കുറവും ഗര്‍ഭിണികളുടെയും നവജാതശിശു പരിചരണത്തിനും തടസ്സമാവുകയാണ്.
പാകിസ്താനില്‍ 22 നവജാത ശിശുക്കളില്‍ ഒരു ശിശു എന്ന കണക്കില്‍ ആദ്യത്തെ മാസം മരിക്കുന്നതായാണ് റിപോര്‍ട്ട്. വീടുകളില്‍ വച്ചാണ് കൂടുതലായും ഇവിടെ പ്രസവം നടക്കുന്നത്. പോഷാകാഹാരക്കുറവും ശുചിതമില്ലായ്മയും മരണത്തിന് കാരണമാവുന്നു.
പാകിസ്താനിലെ തര്‍പാര്‍കറില്‍ 2011-2016ലെ കണക്കുപ്രകാരം 1500 കുട്ടികളാണ് 5 വയസ്സിനുള്ളില്‍ മരണപ്പെട്ടത്. നവജാത ശിശുക്കളില്‍ 80 ശതമാനത്തിനും തൂക്കക്കുറവും രേഖപ്പെടുത്തിയിരുന്നു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിലും സമാന സാഹചര്യമാണ് ഉള്ളത്. ഇവിടെയും 22 നവജാത ശിശുക്കളില്‍ ഒരാള്‍ വീതം ആദ്യത്തെ മാസം മരണത്തിന് കീഴടങ്ങുന്നു.
Next Story

RELATED STORIES

Share it