kozhikode local

ലോകത്ത് ഏറ്റവും രോഗാതുരതയുള്ള മുസ്‌ലിം സമൂഹം മലബാറില്‍: ഡോ. മെഹ്‌റൂഫ് രാജ്‌

കോഴിക്കോട് : ലോകത്തെ ഏറ്റവും രോഗാതുരതയുള്ള മുസ്‌ലിം സമൂഹം മലബാറിലെ മുസ്‌ലിങ്ങളാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട. പ്രഫ. ഡോ. മെഹ്‌റൂഫ് രാജ്. ആരോഗ്യ ശുശ്രൂഷാ രംഗം ഇന്ന്്് ജനങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ആതുരശുശ്രൂഷാ രംഗം നീതി രഹിതമോ എന്ന വിഷയത്തില്‍ മുസ്‌ലിം സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) സെമിനാര്‍ സംഘടിപ്പിച്ചു. ചികില്‍സാ രംഗം ആദ്യ കാലഘട്ടങ്ങളില്‍ ഒരു കലയായാണ് കണക്കാക്കിയിരുന്നത്. പിന്നീട് അത് ശാസ്ത്രവും സാങ്കേതികതയുമായി വളര്‍ന്നു. ഇന്നത് നിര്‍ദയം മനുഷ്യനെ ചൂഷണം ചെയ്യുന്ന വാണിജ്യമായി. മെഡിക്കല്‍ എത്തിക്‌സിന് ഒരു വിലയും കല്‍പിക്കാത്ത കോര്‍പ്പറേറ്റ് മുതലാളിമാരാണ് ഇന്ന് മെഡിക്കല്‍ രംഗം നിയന്ത്രിക്കുന്നത്. അഞ്ചു ദിവസം കൊണ്ട് സ്വാഭാവികമായി മാറുന്ന വൈറല്‍ ഫീവറിന് പോലും ഡോക്ടര്‍മാര്‍ കടുത്ത മരുന്നുകളെഴുതുകയാണ്. കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി അടക്കുന്ന കറണ്ട് ബില്ല് 50 ലക്ഷമാണ്. 300 ഡോക്ടര്‍മാരുള്ള സ്വകാര്യ ആശുപത്രികളുണ്ടിവിടെ. ഒരു ഡോക്ടറുടെ ശരാശരി മാസ ശമ്പളം ഒന്നരലക്ഷം രൂപയാണ്. ശമ്പളം കൊടുക്കാന്‍ ഒരോ മാസവും കോടികള്‍ വേണം. ഇതിനൊക്കെയുള്ള തുക കണ്ടെത്തുന്നത് ചികിത്സക്കെത്തുന്നവരില്‍ നിന്നാകുമ്പോള്‍ എന്ത് സംഭവിക്കും എന്ന് നമുക്ക് ഊഹിക്കാമെന്നും മെഹ്‌റൂഫ് രാജ് പറഞ്ഞു. എംഎസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍  ഓള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ  ചികില്‍സാ ചെലവ്് സാധാരണക്കാരന് താങ്ങാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഫ. എം എ പരീത് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല, തിരുവനന്തപുരം കിംസ് ഹോസ്പിറ്റല്‍ മുന്‍ എംഡി സി എച്ച് അബ്ദുറഹീം, ഡോ. പി സി  അന്‍വര്‍ (മിംസ് ഹോസ്പിറ്റല്‍) സംസാരിച്ചു.
Next Story

RELATED STORIES

Share it