Pravasi

ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെടുന്നത് രാഷ്ട്രീയ കാരണങ്ങളാല്‍ : അമീര്‍



ദോഹ: ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെടുന്നത് പ്രകൃതിക്ഷോഭമോ പട്ടിണിയോ മൂലമല്ലെന്നും രാഷ്ട്രീയ കാരണങ്ങളാലാണെന്നും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. നീതിനിഷേധവും അടിച്ചമര്‍ത്തലും യുദ്ധവും വംശീയമായി ഉന്‍മൂലനം ചെയ്യാനുമുള്ള ശ്രമങ്ങളുമാണ് അഭയാര്‍ഥികളെ സൃഷ്ടിക്കുന്നത്. ദശലക്ഷകണക്കിനാളുകള്‍ക്ക് അവരുടെ സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വരുന്നുവെന്നും അമീര്‍ ചൂണ്ടിക്കാട്ടി. പതിനേഴാമത് ദോഹ ഫോറം ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യകാലങ്ങളില്‍ സ്വന്തം നാട് ഉപേക്ഷിക്കേണ്ടി വന്നവര്‍ പുതിയ   സ്ഥലങ്ങളില്‍ ചേക്കേറുകയും അവിടെ കോളനികളും ദേശങ്ങളും ദേശീയതയുമുണ്ടാകുകയും ചെയ്തു. പലരാഷ്ട്രങ്ങളുടെയും ചരിത്രം തന്നെ  കുടിയേറ്റങ്ങളുടെതാണ്. എന്നാല്‍, ഇന്നു സ്ഥിതി മാറി. രാഷ്ട്രങ്ങള്‍ക്ക് അതിര്‍ത്തികളും പാസ്‌പോര്‍ട്ടും ഇമിഗ്രേഷന്‍ നിയമങ്ങളും വന്നു. സ്വന്തം നാടുകളിലെ ജനസംഖ്യാ വര്‍ധനവും സാമ്പത്തിക പ്രശ്‌നവുമുള്‍പ്പെടെയുള്ള പല കാരണങ്ങളാല്‍ പല രാജ്യങ്ങളും അഭയാര്‍ഥികളെ നിരാകരിക്കുന്നു. ചില രാജ്യങ്ങള്‍ മാത്രം അഭയര്‍ഥികളെ സ്വീകരിക്കുന്നു. വേറെ ചില രാജ്യങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്നു. ഏതുവിധേനയാണെങ്കിലും ലോക സമൂഹത്തില്‍ പലായനം സംഭവിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. പലയിടങ്ങളിലും തര്‍ക്കങ്ങളും പ്രതിസന്ധികളും വളരുകയാണ്. ഇതിലൂടെ ഭവനരഹിതരാക്കപ്പെടുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും കഥകള്‍ പ്രതിദിനം വര്‍ധിച്ചുവരുന്നു. ഇത് പല രാജ്യങ്ങളെയും സമൂഹങ്ങളെയും ഇല്ലായ്മ ചെയ്യുകകൂടിയാണ്. ഇത്തരം സാഹചര്യങ്ങളില്‍ രാജ്യാന്തര സമൂഹത്തിന്റെ ഉത്തരവാദിത്തം വര്‍ധിക്കുന്നു. സുസ്ഥിരവും മൗലികവുമായ പരിഹാരമാണ് ഉണ്ടാകേണ്ടത്. പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്‍കുന്നതിനൊപ്പം ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കുക കൂടി ചെയ്യണം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച  ഫലസ്തീന്‍ പ്രശ്‌നം ഇപ്പോഴും തുടരുകയാണ്. ഇറാഖില്‍ ക്രിസ്ത്യാനികളെ നാടുകടത്താനുള്ള ശ്രമങ്ങളും അപലപനീയമാണ്. അറബ് സമൂഹത്തിന് വന്‍തോതില്‍ കഷ്ടപ്പാടുകളും നഷ്ടങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. സാംസ്‌കാരിക പാരമ്പര്യം പോലും ഇല്ലാതാക്കപ്പെടുന്നു.  സ്വന്തം നാടുകളില്‍ നിന്നു പലായനം ചെയ്യേണ്ടി വരുന്നതാണ് കാരണം. സിറിയന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് അഞ്ചു ദശലക്ഷം പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യാന്തര തലത്തിലെ കണക്ക്. രാജ്യത്തിനകത്ത് വാസസ്ഥലങ്ങള്‍ നഷ്ടപ്പെട്ട് മറ്റിടങ്ങളിലേക്കു പോകേണ്ടി വന്നവര്‍ ഇതിന്റെ മൂന്നിരട്ടിയെങ്കിലും ഉണ്ടാകും. ഇത്തരം ദുരന്തങ്ങളുടെ ഗൗരവം രാജ്യാന്തര സമൂഹം തിരിച്ചറിയുകയും ഇടപെടുകയും വേണ്ടതുണ്ട്. ഖത്തര്‍ സാധ്യമായ അധികാരവും അവസരവും ഉപയോഗിച്ച് അഭയാര്‍ഥികളെ സഹായിക്കുന്നതിനും അഭയാര്‍ഥി പ്രശ്‌നം ഇല്ലാതാക്കുന്നതിനും വേണ്ടി അന്താരാഷ്ട്ര സംരംഭങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യവും നീതിയും ലഭിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാകുമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യജീവിതത്തിന്റെ നിലവാരം ഉയര്‍ത്തുകയാകണം വികസനത്തിന്റെ താല്‍പ്പര്യമെന്നും അമീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it