World

ലോകത്ത് ആദ്യമായി ലൈംഗികാവയവം മാറ്റിവച്ചു

ലോകത്ത് ആദ്യമായി ലൈംഗികാവയവം മാറ്റിവച്ചു
X
വാഷിങ്ടണ്‍: ലോകത്തെ ആദ്യമായി ലൈംഗികാവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. യുഎസിലെ ഒരു സൈനികനാണ് ശസ്ത്രക്രിയയിലൂടെ പുതിയൊരു ലൈംഗികാവയവവും വൃഷ്ണസഞ്ചിയും ലഭിച്ചത്.
മാര്‍ച്ച് 26ന് നടന്ന ശസ്ത്രക്രിയ 14 മണിക്കൂര്‍ നീണ്ടുനിന്നു. നിരവധി സങ്കീര്‍ണതകള്‍ മറികടന്നാണ് ഒമ്പത് പ്ലാസ്റ്റിക് സര്‍ജന്‍ന്മാര്‍, രണ്ട് യൂറോളജിക്കല്‍ സര്‍ജന്മാര്‍ എന്നിവരടങ്ങുന്ന സംഘം സൈനികന്റെ ലൈംഗികാവയവം ഉള്‍പ്പെടുന്ന ശരീരഭാഗം വിജയകരമായി മാറ്റിസ്ഥാപിച്ചത്.


സൈനികന് ഇപ്പോള്‍ നടക്കാനാവുന്നുണ്ടെന്നും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആശുപത്രി വിടാനാവുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. സൈനികന് പുതിയ അവയവത്തിലൂടെ മൂത്രമൊഴിക്കാന്‍ സാധിക്കുകയും ലൈംഗിക ഉത്തേജനം ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
അഫ്ഗാനിസ്താനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സൈനികന്റെ കാലുകള്‍, വൃഷ്ണസഞ്ചി, ലൈംഗികാവയവം, അടിവയര്‍ എന്നിവിടങ്ങളില്‍ സാരമായ പരിക്കേറ്റിരുന്നു.
പുരുഷ ലൈംഗികാവയവം മാറ്റിവയ്ക്കുന്ന നാലാമത്തെ ശസ്ത്രക്രിയയാണ് ഇത്. എന്നാല്‍, ലോകത്ത് ആദ്യമായാണ് ജനനേന്ദ്രിയമുള്‍പ്പെടുന്ന വലിയൊരു ശരീരഭാഗം ഒരു അവയവദാതാവില്‍ നിന്നു മാറ്റിവയ്ക്കുന്നത്.
Next Story

RELATED STORIES

Share it