ലോകത്തെ ഞെട്ടിച്ച് നാടകീയ വിമാനറാഞ്ചല്‍

കെയ്‌റോ: ലോകത്തെ ഞെട്ടിച്ച വിമാനറാഞ്ചലിന് നാടകീയമായ അന്ത്യം. സൗദി അറേബ്യയില്‍ നിന്ന് ഈജിപ്തിലെ അലക്‌സാണ്ട്രിയ വഴി തലസ്ഥാനമായ കെയ്‌റോയിലേക്കു പോവുകയായിരുന്ന ഈജിപ്ത് എയറിന്റെ എയര്‍ബസ് എ 320 എംഎസ് 181 വിമാനം ഇന്നലെ രാവിലെയോടെയാണ് അജ്ഞാതന്‍ റാഞ്ചിയത്. 60 യാത്രക്കാരും എട്ടു ജീവനക്കാരും അടങ്ങുന്ന വിമാനം ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തി സൈപ്രസിലിറക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലര്‍ണാക വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ നിന്നും യാത്രക്കാരെയും ജീവനക്കാരെയും ഘട്ടംഘട്ടമായി മോചിപ്പിച്ച ഇയാള്‍ നാലു ജീവനക്കാരെ തടവില്‍ത്തന്നെ വയ്ക്കുകയായിരുന്നു. ഇതിനിടെ ഏതാനും ആവശ്യങ്ങള്‍ ഉന്നയിച്ച് നാലു പേജുള്ള കത്ത് ഇയാള്‍ വിമാനത്തിനു പുറത്തേക്കിട്ടു. അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടെ ആദ്യ ഭാര്യയെ ഇയാളുടെ ആവശ്യപ്രകാരം പോലിസ് വിമാനത്താവളത്തിലെത്തിച്ചിരുന്നു. ഏവരെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ പിന്നീടാണു കുടുംബവഴക്കാണ് റാഞ്ചലിലേക്കു നയിച്ചതെന്ന കാര്യം പുറത്തായത്. ഇയാള്‍ വൈകീട്ടോടെ പോലിസിന് കീഴടങ്ങി. നാടകീയ വിമാനറാഞ്ചലിനു പദ്ധതിയിട്ടത് അലക്‌സാണ്ട്രിയ സര്‍വകലാശാലയിലെ വെറ്ററിനറി പ്രഫസര്‍ സെയ്ഫ് എല്‍ദിന്‍ മുസ്തഫയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.വിമാനം റാഞ്ചിയത് ഭീകരരല്ലെന്ന് സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയേഡ്‌സ് അറിയിച്ചതോടെയാണു വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളില്‍ ആശ്വാസം പ്രത്യക്ഷമായത്. ഇതിനിടെ കോക്പിറ്റിലൂടെ ഒരാള്‍ പുറത്തേക്കു ചാടിയതും പരിഭ്രാന്തിപരത്തി.
Next Story

RELATED STORIES

Share it