ലോകത്തിലെ ഏറ്റവും വലിയ കുട മക്ക ഹറമില്‍ ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ കുട മക്ക ഹറമില്‍ ഒരുങ്ങുന്നു
X
umbrella- makkah

മക്ക: ലോകത്തിലെ ഏറ്റവും വലിയ കുട മക്ക മസ്ജിദുല്‍ ഹറമില്‍ സജ്ജമാവുന്നു. ലക്ഷക്കണക്കിനു വരുന്ന വിശ്വാസികള്‍ക്ക് വെയില്‍ കൊള്ളാതെ പ്രദക്ഷിണം നടത്തുന്നതിന് സൗകര്യമൊരുക്കാന്‍ മതാഫില്‍ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് കുട നിര്‍മിക്കുന്നത്. 16 ടണ്‍ ഭാരം വരുന്ന കുടയുടെ ഇരുമ്പ്് തൂണ്‍ മക്കയിലെത്തിച്ചു. 600 ടണ്‍ ഭാരമുള്ള കുടയുടെ ബാക്കി ഭാഗങ്ങള്‍ അടുത്ത ദിവസങ്ങളിലായി എത്തിത്തുടങ്ങും. മതാഫില്‍ കുടയുടെ പ്രധാന തൂണ്‍ സ്ഥാപിച്ചുവരുകയാണ്. ഇതിന്റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. ഇ ത് സ്ഥാപിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ തണല്‍ കുട സ്ഥിതിചെയ്യുന്ന സ്ഥലം എന്ന ബഹുമതി കൂടി മസ്ജിദുല്‍ ഹറമിന് സ്വന്തമാവും. കടുത്ത വെയിലിലും ചൂടേല്‍ക്കാതെ ത്വവാഫ് ചെയ്യുന്നതിനാണ് മദീന മസ്്ജിദുന്നബവിയിലുള്ളതുപോലെ മക്കയിലും തണല്‍ കുട ഒരുക്കുന്നത്. എട്ട് വലിയ കുടകളും 54 ചെറിയ കുടകളുമാണ് മസ്ജിദുല്‍ ഹറമില്‍ സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യത്തേത് സ്ഥാപിക്കുന്ന ജോലിയാണ് തുടങ്ങിയിട്ടുള്ളത്. ഇവയെല്ലാം ആറു മാസത്തിനകം യാഥാര്‍ഥ്യമാവും. ജര്‍മനിയിലാണ് കുടയുടെ ഭാഗങ്ങള്‍ നിര്‍മിച്ചത്. വലിയ ക്ലോക്കുകളും നിര്‍ദേശങ്ങള്‍ കാണിക്കാനുള്ള ടിവി സ്‌ക്രീനുകളും എയര്‍ കണ്ടീഷനറുകളും കാമറകളും കുടകളിലുണ്ടാവും. 45 മീറ്റര്‍ ഉയരമുള്ള കുടകളുടെ ഭാരം 16 ടണ്ണാണ്. കുട നിവര്‍ത്തിയാല്‍ 2,400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തണല്‍ ലഭിക്കും. എല്ലാ കുടകളില്‍ നിന്നുമായി 19,200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തണലേകാന്‍ കഴിയും. നാലു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ക്ക് ഇത് പ്രയോജനപ്പെടും. ജര്‍മനിയില്‍ നിന്നുള്ള 25 എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് ജോലികള്‍ നടക്കുന്നത്. 2014 ഡിസംബറില്‍ മരണപ്പെടുന്നതിന്റെ ആഴ്ചകള്‍ക്കു മുമ്പാണ് അബ്ദുല്ല രാജാവ് മസ്ജിദുല്‍ ഹറമിന്റെ മുറ്റത്ത് കുടകള്‍ സ്ഥാപിക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. മദീനയിലെ മസ്ജിദുന്നബവിയില്‍ ഇത്തരത്തിലുള്ള 250 കുടകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദിവസവും രാവിലെ വ്യത്യസ്ത സമയങ്ങളില്‍ കുടകള്‍ വിടര്‍ത്തുന്നതും വൈകുന്നേരം അടയ്ക്കുന്നതും മനോഹരമായ കാഴ്ചയാണ്. ഒന്നിച്ച് കുടകള്‍ വിടര്‍ത്തുകയും ചുരുക്കുകയും ചെയ്യുമ്പോഴുണ്ടാവുന്ന കൂട്ടിമുട്ടല്‍ ഒഴിവാക്കാനാണ് വ്യത്യസ്ത സമയങ്ങളിലാക്കുന്നത്. മൂന്നു മിനുട്ട് മാത്രമാണ് എല്ലാ കുടകളും ചുരുക്കുന്നതിനെടുക്കാറുള്ളത്. വൈകുന്നേരം കുട ചുരുക്കുന്നതോടെ നിലത്തുള്ള ഉഷ്മാവ് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തപ്പെടും. എന്നാല്‍, മഞ്ഞുകാലത്ത് തണുപ്പ് കുറക്കുന്നതിന് ഇതിനു വിപരീതമായാണ് പ്രവര്‍ത്തിപ്പിക്കുക.
Next Story

RELATED STORIES

Share it