Flash News

ലോകത്തിന്റെ നൊമ്പരമായി റോഹിന്‍ഗ്യ

ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ വംശഹത്യയുടെ വാര്‍ത്തകളാണ് വിടപറയുന്ന ആണ്ടില്‍ മ്യാന്‍മറിലെ റഖൈന്‍ സംസ്ഥാനത്തു നിന്നു പുറത്തുവന്നത്.  റഖൈനില്‍ നിന്നുള്ള സമാനതകളില്ലാത്ത അഭയാര്‍ഥി പ്രവാഹത്തിത്തിനും  ഈ വര്‍ഷം സാക്ഷിയായി. ആഗസ്ത് 25നായിരുന്നു റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരായ സൈനിക അതിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.  റോഹിന്‍ഗ്യന്‍ വിമതര്‍ മ്യാന്‍മര്‍ സൈന്യത്തെ ആക്രമിച്ചു എന്നാരോപിച്ച് മ്യാന്‍മര്‍ ഭരണകൂടവും ഭൂരിപക്ഷ ബുദ്ധ മതക്കാരും റഖൈനില്‍ വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു. പിഞ്ചു കുട്ടികളെയടക്കം കൈകാലുകള്‍ കെട്ടിയിട്ട് നിറയൊഴിച്ചു കൊലപ്പെടുത്തിയും സ്ത്രീകളെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും കൂട്ട മാനഭംഗത്തിനിരയാക്കിയും ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കിയും സൈന്യം സംഹാരതാണ്ഡവമാടുകയായിരുന്നു. നാലുമാസത്തിനിടെ ഏഴു ലക്ഷത്തോളം റോഹിന്‍ഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ജീവനുംകൊണ്ട് രാജ്യം വിട്ടോടുന്ന  റോഹിന്‍ഗ്യകളെ പോലും സൈന്യം നിറയൊഴിച്ചു കൊലപ്പെടുത്തി.  റഖൈനില്‍ 6700 പേര്‍ കൊല്ലപ്പെട്ടതായി പിന്നീട് റിപോര്‍ട്ടുകള്‍ പുറത്തുവന്നു.   ദുര്‍ഘടമായ വഴികള്‍  താണ്ടി പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ ചിത്രം ലോക മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തി. സൈന്യത്തിന്റെ  ക്രൂരതകളെ വിശേഷിപ്പിക്കാന്‍ വംശഹത്യ എന്നല്ലാതെ മറ്റു വാക്കുകളില്ലെന്നായിരുന്നു യുഎന്‍ പരാമര്‍ശം. സമാധാനത്തിനുള്ള നൊബേല്‍  പ്രൈസ് നേടിയ മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചി പ്രശ്‌നപരിഹാരത്തിനു മുന്‍കൈയെടുത്തില്ല എന്നതും ചരിത്രത്തില്‍ വിരോധാഭാസമായി.  മ്യാന്‍മര്‍ സന്ദര്‍ശന വേളയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ റോഹിന്‍ഗ്യകളെ പരാമര്‍ശിക്കാതിരുന്നതും ഏറെ വിമര്‍ശനത്തിനിടയാക്കി.
Next Story

RELATED STORIES

Share it