kozhikode local

ലോകത്തിന്റെ ഇരുളകറ്റാന്‍ വൈജ്ഞാനിക മുന്നേറ്റത്തില്‍ മല്‍സരിക്കുക: മക്ക ഇമാം

ഫാറൂഖ് കോളജ്: അസമാധാനവും അസഹിഷ്ണുതയും അധാര്‍മിക പ്രവണതകളും വളര്‍ന്നുവരുമ്പോള്‍ ലോകത്തിന്റെ ഇരുളകറ്റാന്‍ വൈജ്ഞാനിക മുന്നേറ്റത്തില്‍ മല്‍സരിക്കാന്‍ വിദ്യാഭ്യാസ സമൂഹം പ്രതിജ്ഞാബദ്ധരാകണമെന്നു മക്ക ഹറം ഇമാം ഡോ. ശൈഖ് സ്വാലിഹ് മുഹമ്മദ് ആലു ത്വാലിബ്.
മതങ്ങളുടെ പേരില്‍ ലോകത്ത് വ്യാപിക്കുന്ന ഭീകരതയുടെയും വര്‍ഗീയതയുടെയും ഉന്മൂലനം സാധ്യമാവാനും സമാധാനപൂര്‍ണമായ ജീവിതാന്തരീക്ഷം തിരികെകൊണ്ടുവരാനും മതദര്‍ശനങ്ങളുടെ യഥാര്‍ഥ പഠനങ്ങള്‍ അനിവാര്യമാണെന്നും ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക്കോളജില്‍ സംഘടിപ്പിച്ച വൈജ്ഞാനിക സദസ്സിനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ലോകത്ത് നിലവിലുള്ള മതദര്‍ശനങ്ങളൊക്കെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ആശയങ്ങളാണ് മാനവരാശിക്ക് കൈമാറുന്നത്.
മതദര്‍ശനങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളാണ് ഭീകരതയും അസഹിഷ്ണുതയും ശക്തിപ്രാപിക്കാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി കെ അഹ്മദ് അധ്യക്ഷത വഹിച്ചു. മക്ക ഹറം ഇമാമിനുള്ള സ്‌നേഹോപഹാരം റൗദത്തുല്‍ ഉലൂം അസോസിയേഷന്‍് പ്രസിഡന്റ് കെ വി കുഞ്ഞമ്മദ് കോയ സമര്‍പ്പിച്ചു. ഖത്തര്‍ ഈദുല്‍ ഹൈരിയ്യ ഡയറക്ടര്‍ ശൈഖ് അഹമ്മദ് മുഹമ്മദ് അല്‍ബുഈനൈന്‍, സൗദി കള്‍ച്ചറല്‍ അറ്റാഷെ ശൈഖ് അഹ്മദ് അലി അല്‍ റൂമി, കോളജ് മാനേജര്‍ എന്‍ കെ മുഹമ്മദലി, കെ കുഞ്ഞലവി, പ്രൊഫ. യു മുഹമ്മദ്, ഫാറൂഖ് കോളജ് മാനേജര്‍ അഡ്വ. എം മുഹമ്മദ്, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ, ഫാറൂഖ് ട്രെയ്‌നിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി എ ജൗഹര്‍, പ്രഫ. എ കുട്ട്യാലിക്കുട്ടി, പ്രിന്‍സിപ്പല്‍ ഡോ. മുസ്തഫ ഫാറൂഖി, കോളേജ് മാനേജിങ് സെക്രട്ടറി എസ് മുഹമ്മദ് യൂനുസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it