ലോകത്താകെ 442 ദശലക്ഷം പ്രമേഹരോഗികള്‍

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: ഇന്ന് ലോകത്താകെ 442 ദശലക്ഷം പ്രമേഹരോഗികളാണുള്ളതെന്ന് ലോകാരോഗ്യ സംഘടന. അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിയാവുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് 1980ല്‍ ലോകത്തുണ്ടായിരുന്ന ആകെ പ്രമേഹരോഗികളുടെ നാലിരട്ടിയോളം രോഗികള്‍ ഇന്ന് ലോകത്തുണ്ടെന്നു ചുരുക്കം. സാമ്പത്തിക മേഖലയില്‍ താഴേക്കിടയിലുള്ള മൂന്നാം ലോകരാജ്യങ്ങളിലാണ് ഏറ്റവും കുടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത്.
ലോകത്ത് 2012ല്‍ മാത്രം ഒന്നര ദശലക്ഷം ആളുകളാണ് പ്രമേഹരോഗം മൂലം മരണമടഞ്ഞത്. ലോകത്ത് ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വരുമിത്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതിനനുസരിച്ച് ഹൃദ്രോഗ സാധ്യതയും വര്‍ധിക്കുന്നു. 2012ല്‍ പ്രമേഹത്തെ തുടര്‍ന്ന് മരിച്ച ഹൃദ്രോഗികളുടെ എണ്ണം 2.2 ദശലക്ഷം കവിയും.
മൂന്നുതരം പ്രമേഹരോഗങ്ങളാണ് പ്രധാനമായും ലോകത്തു കണ്ടുവരുന്നത്. അതില്‍ ടൈപ്പ് 1 പ്രമേഹം രോഗികളില്‍ നേരത്തെ തിരിച്ചറിയാന്‍ പ്രയാസകരമാണ്. ഇതിന് കൃത്യമായ പ്രതിരോധ മരുന്നുകളും നിലവിലില്ല.
ലോകത്ത് ഏറ്റവുമധികം ആളുകളില്‍ ടൈപ്പ് 2 പ്രമേഹമാണു കണ്ടുവരുന്നത്. കുട്ടികളില്‍ മുമ്പ് അധികമൊന്നും കാണാറില്ലാത്ത ടൈപ്പ് 2 പ്രമേഹം ഇന്ന് അവരിലും വലിയ തോതില്‍ കണ്ടുവരുന്നു എന്നതും ആശങ്കയുണര്‍ത്തുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് ഇന്നുള്ള പ്രമേഹരോഗികളില്‍ 90 ശതമാനവും ടൈപ് 2 പ്രമേഹരോഗികളാണ്. ഗര്‍ഭിണികളായ സ്ത്രീകളില്‍ കണ്ടുവരുന്ന ജെസ്റ്റേഷനല്‍ പ്രമേഹത്തിന്റെ ലക്ഷണം രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവും ഹൈപ്പര്‍ ഗ്ലൈക്കോമയുമാണ്. ഇത്തരം രോഗികള്‍ക്ക് ഗര്‍ഭകാലത്തും പ്രസവസമയത്തും ഏറെ ശ്രദ്ധ നല്‍കേണ്ടതുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമവും മാനസിക സംഘര്‍ഷങ്ങളും വ്യായാമക്കുറവുമാണ് പ്രധാന രോഗകാരണം. പ്രമേഹം നേരത്തെ കണ്ടെത്തുകയും ചികില്‍സ നേടുകയും ചെയ്താല്‍ രോഗികള്‍ക്ക് ഏറെക്കാലം ജീവിക്കാനാവും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കുന്നതിലൂടെ വൃക്ക, കണ്ണ്, കാല്‍ എന്നീ ശരീരഭാഗങ്ങളെ അപകടകരമായി ബാധിക്കുന്ന സങ്കീര്‍ണതകളെ ഒഴിവാക്കാം. ക്രമീകരിക്കപ്പെട്ട ഭക്ഷണക്രമം നിലനിര്‍ത്തുകയും നിത്യേന വ്യായാമത്തിലേര്‍പ്പെടുകയും തടി കുറയ്ക്കുകയും പുകവലി ഉപേക്ഷിക്കുകയും ചെയ്താല്‍ പിടിച്ചുനിര്‍ത്താവുന്നതേയുള്ളൂ ഏതുതരം പ്രമേഹരോഗവും. പ്രമേഹ രോഗികള്‍ ഭക്ഷണത്തില്‍ പഴങ്ങളും ഇലക്കറികളും പയര്‍- പരിപ്പു വര്‍ഗങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഗ്രീന്‍ടീ കുടിക്കുന്നതും നല്ലതാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍(ഡബ്ല്യുഎച്ച്ഒ) പിറവിയെടുത്ത ഏപ്രില്‍ 7ന് എല്ലാ വര്‍ഷവും ലോകാരോഗ്യ സംഘടന ലോകാരോഗ്യ ദിനമായി ആചരിച്ചുവരുകയാണ്. ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തില്‍ പ്രമേഹത്തെ തോല്‍പ്പിക്കൂ എന്ന സന്ദേശമാണ് ഡബ്ല്യുഎച്ച്ഒ മുന്നോട്ടുവയ്ക്കുന്നത്.
Next Story

RELATED STORIES

Share it