Flash News

ലോകകപ്പ് വിജയിയെ അച്ചിലെസ് പ്രവചിക്കും

മോസ്‌കോ: 2018ലെ റഷ്യന്‍ ലോകകപ്പ് ആരു നേടുമെന്ന വാദപ്രതിവാദങ്ങളും വാതുവയ്പുകളും കൊഴുക്കുകയാണ്. മുന്‍കാല റെക്കോഡുകള്‍ പരിശോധിച്ചിട്ടും ഉത്തരം കിട്ടാത്തവര്‍ക്ക് അച്ചിലെസിനെ സമീപിക്കാം. ആളൊരു പൂച്ചയാണ്. ഇഷ്ടന് കാതുംകേള്‍ക്കില്ല. റഷ്യന്‍ ലോകകപ്പിന്റെ ഔദ്യോഗിക ഭാവിപ്രവചകനായി അച്ചിലെസിനെ തിരഞ്ഞെടുത്തുകഴിഞ്ഞു.
2010ല്‍ ലോകകപ്പ് വിജയിയെ പ്രവചിച്ച് താരമായ പോള്‍ നീരാളിക്ക് പുതിയൊരു പിന്‍ഗാമിയാണ് അച്ചിലെസ്. ഭക്ഷണം അടങ്ങിയ രണ്ടു പെട്ടികളിലൊന്ന് തിരഞ്ഞെടുത്താണ് പോള്‍ വിജയിയെ തീരുമാനിച്ചതെങ്കില്‍ വിവിധ ടീമുകളുടെ പതാകകള്‍ അടങ്ങിയ പാത്രങ്ങള്‍ വഴിയാണ് അച്ചിലെസ് കപ്പടിക്കുന്ന ടീമിനെ കണ്ടെത്തുക. കാതു കേള്‍ക്കില്ലെന്നതും അച്ചിലെസിനു നറുക്കുവീഴാന്‍ കാരണമായതായി സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ പൂച്ചകളുടെ മേല്‍നോട്ടക്കാരിയായ അന്ന കസാറ്റ്കിന പറഞ്ഞു. ലോകപ്രശസ്ത മ്യൂസിയമായ ഹെര്‍മിറ്റേജിന്റെ താഴത്തെ നിലയിലായിരുന്ന അച്ചിലെസിന് ഇതോടെ പുതിയ താവളമൊരുങ്ങും. തൊട്ടടുത്തുള്ള കാറ്റ്‌റി പബ്ലിക് എന്ന കഫേയിലായിരിക്കും ഇനി അച്ചിലെസിന്റെ വാസം. പോള്‍ നീരാളിയുടെ ആദ്യ പിന്‍ഗാമിയല്ല അച്ചിലെസ്. 2014ല്‍ സ്വിസ് ഗിനിപ്പന്നി മാഡം ശിവയും ബ്രിട്ടിഷ് പിരാന പെലെയും പ്രവചനം നടത്തിയിരുന്നു. എന്നാല്‍, പോളിനെപ്പോലെ പ്രവചനം അച്ചട്ടാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. 2010ല്‍ സ്‌പെയിനിന്റെ വിജയം പറഞ്ഞ പോളിനെപ്പോലെ അച്ചിലെസും താരമാവുമോ എന്നു കാത്തിരുന്നു കാണാം.
Next Story

RELATED STORIES

Share it