thrissur local

ലോകകപ്പ് ഫുട്‌ബോളിന് ദിവസങ്ങള്‍ നാടെങ്ങും ആവേശത്തിന്റെ നിറച്ചാര്‍ത്തണിയിക്കാനുള്ള ഓട്ടത്തില്‍ ആരാധകവൃന്ദം

മാള: ലോകകപ്പ് ഫുട്‌ബോളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നാടെങ്ങും ആവേശത്തിന്റെ നിറച്ചാര്‍ത്തണിയിക്കാനുള്ള ഓട്ടത്തിലാണ് ഓരോ ടീമിന്റെയും ആരാധകവൃന്ദം.
ഇക്കുറി നിരത്തുകളിലും ഫഌക്‌സിലും മാത്രമല്ല കളിയുടെ ആരവം തിരതല്ലുന്നത് വീടും ബസ് കാത്തുനില്‍പ്പ് കേന്ദ്രവുമെല്ലാം വിവിധ ടീമുകളുടെ ജഴ്‌സികളുടെ നിറമണിഞ്ഞ് ലോകകപ്പിനെ ആവേശത്തോടെ വരവേല്‍ക്കുകയാണ്.
മാള പള്ളിപ്പുറത്തെ അര്‍ജന്റീനയുടെ ആരാധകനായ എറണാകുളത്തുകാരന്‍ വലിയവീട്ടില്‍ സലിന്‍ തന്റെ ആരാധന നാട്ടുകാരില്‍ പ്രകടിപ്പിച്ചത് തന്റെ വീടിന് അര്‍ജന്റീനയുടെ നിറം നല്‍കിയാണ്. പെയിന്റിംഗ് തൊഴിലാളിയായ സലിന്‍ പണികഴിഞ്ഞ് വീട്ടിലെത്തി ഒഴിവുള്ള സമയം നോക്കി രാത്രിയും പുലര്‍ച്ചെയുമായാണ് വീടിന് നിറം നല്‍കുന്നത്. ഒരാഴ്ച മുന്‍പ് ആരംഭിച്ച പണികള്‍ അവസാനഘട്ടത്തിലാണ്.
അര്‍ജന്റീനയാണ് ഇക്കുറി കപ്പടിക്കുക എന്ന ആത്മവിശ്വാസവും സലിന്‍ പങ്കുവെക്കുന്നു. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ഓരോ ടീമുകളുടെ ജഴ്‌സിയുടെ നിറമണിഞ്ഞു നില്‍ക്കുന്ന പുതുമയുടെ കാഴ്ചയാണ് നാട്ടിന്‍പുറങ്ങളില്‍ ഇപ്പോള്‍ കാണുന്നത്.
വടമ സ്‌കൂള്‍പ്പടിയിലെ കാത്തിരിപ്പു കേന്ദ്രം ബ്രസീലിന്റെ നിറമണിഞ്ഞപ്പോള്‍ വലിയപറമ്പ് സ്‌നേഹഗിരി പള്ളിയുടെ മുന്‍വശത്തെ കാത്തിരിപ്പുകേന്ദ്രം ബ്രസീല്‍, അര്‍ജന്റീന ടീമുകളുടെ ആരാധകര്‍ക്ക് തുല്യ ആവേശം പകരുന്നു. രണ്ട് ഭാഗങ്ങളായുള്ള കേന്ദ്രത്തിന്റെ ഒരു ഭാഗത്ത് അര്‍ജന്റീനയുടെ ജഴ്‌സിയുടെ നിറം നല്‍കി. മറുപാതിയില്‍ ബ്രസീല്‍ ടീമിന്റെ നിറവും. കൂടാതെ ഫുട്‌ബോള്‍ മാന്ത്രികന്‍മാരുടെ ഛായാചിത്രവും ഇവിടെ വരച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it